സംരംഭക വര്‍ഷം : പ്രവര്‍ത്തനങ്ങള്‍ രണ്ടാം ഘട്ടത്തിലേയ്ക്ക്

post


സംരംഭക വര്‍ഷവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ രണ്ടാം ഘട്ടത്തിലേയ്ക്ക്. ഇതിന്റെ ആദ്യപടിയായി തദ്ദേശ സ്ഥാപനങ്ങളില്‍ ആഗസ്റ്റ് മാസത്തില്‍ ആരംഭിക്കുന്ന ബാങ്ക് വായ്പാ മേളയുമായി ബന്ധപ്പെട്ട പരിശീലന പരിപാടി ജില്ലാ വ്യവസായ കേന്ദ്രത്തില്‍ നടന്നു. സംരംഭക വര്‍ഷത്തിന്റെ ഭാഗമായി തദ്ദേശ സ്ഥാപനങ്ങളില്‍ ആരംഭിച്ച ഹെല്‍പ്പ് ഡെസ്‌ക്കുകളില്‍ സേവനം നല്‍കുന്നതിന് നിയമിതരായ ഇന്റേണുകള്‍ക്കായാണ് ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ പരിശീലന പരിപാടി സംഘടിപ്പിച്ചത്.


ബാങ്കുകളുടെ പിന്തുണയോടെ മാത്രമേ സംരംഭകര്‍ക്ക് മുന്നോട്ട് പോകാന്‍ സാധിക്കുകയുള്ളുവെന്നും ഈ പിന്തുണ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് യോഗം വിളിച്ചു ചേര്‍ത്തതെന്നും പരിപാടിയില്‍ ആമുഖ പ്രഭാഷണം നടത്തിയ ജില്ല വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ ഡോ. കെ എസ് കൃപകുമാര്‍ പറഞ്ഞു. ബാങ്കുകളെ എങ്ങനെ സമീപിക്കണം, എന്തൊക്കെയാണ് സ്‌കീമുകള്‍, നടപടിക്രമങ്ങള്‍ എന്തെല്ലാം എന്നിവയെക്കുറിച്ചെല്ലാം പല സംരംഭകര്‍ക്കും വ്യക്തമായ അറിവില്ല. അവരെ സഹായിക്കാനുള്ള നടപടികള്‍ സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരമൊരു പരിപാടയെന്നും അദ്ദേഹം വ്യക്തമാക്കി.


പരിപാടിയില്‍ 14ഓളം ബാങ്കുകളുടെ പ്രതിനിധികള്‍ സ്‌കീമുകളുമായി ബന്ധപ്പെട്ട അവതരണം നടത്തി. സംരംഭകര്‍ക്ക് ഉപയോഗപ്രദമാകുന്ന സ്‌കീമുകളുമായി ബന്ധപ്പെട്ട നിബന്ധനകള്‍, സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുള്ള സഹായങ്ങള്‍ എന്നിവ വിശദീകരിച്ചു. ചെറുകിട സംരംഭങ്ങള്‍ ആരംഭിക്കുന്നതിന്റെ ഭാഗമായുള്ള സെഡ് സര്‍ട്ടിഫിക്കേഷന്‍, ട്രെഡ്‌സ് പ്ലാറ്റ്‌ഫോം തുടങ്ങിയ നടപടിക്രമങ്ങള്‍ സംബന്ധിച്ചും പരിശീലന പരിപാടിയില്‍ ചര്‍ച്ചയായി. തൃശൂര്‍ എംഎസ്എംഇഡിഐ ഡയറക്ടര്‍ ജി പ്രകാശ് പരിപാടി ഉദ്ഘാടനം ചെയ്തു.