ഒരുമിക്കാം, സാമൂഹിക സന്നദ്ധ സേനയില്‍ അംഗമാകാം

post

തിരുവനന്തപുരം : കൊടുങ്കാറ്റ്, പേമാരി, വെള്ളപ്പൊക്കം, മണ്ണിടിച്ചില്‍ തുടങ്ങിയ അപ്രതീക്ഷിത പ്രകൃതി ദുരന്തങ്ങള്‍ നമുക്ക് ഇനിയും നേരിടേണ്ടി വന്നേക്കാം. ദുരന്തങ്ങളുടെ കാഠിന്യം കുറയ്ക്കുന്നതിനും, അതിജീവനത്തിനുള്ള മികച്ച മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തുന്നതിനും സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്.ഫലപ്രദമായ ഒരു ദുരന്ത നിവാരണ സംവിധാനം ഏറ്റവും താഴെ തട്ടില്‍ ഒരുക്കുന്നതിന്റെ ഭാഗമായി സാമൂഹിക സന്നദ്ധ സേന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ഒരുങ്ങുകയാണ്. പ്രകൃതി ദുരന്തങ്ങളില്‍ സഹായം എത്തിക്കുന്നതിനുപരിയായി, ഏതൊരു പ്രാദേശിക പ്രതിസന്ധിയിലും സഹായത്തിനുണ്ടാകുന്ന ഒരു സാമൂഹിക സന്നദ്ധസേനയാണ് ലക്ഷ്യം വയ്ക്കുന്നത്. സംസ്ഥാനത്തെ ഓരോ നൂറു പേര്‍ക്കും ഒരാള്‍ എന്ന നിലയില്‍ സാമൂഹിക സന്നദ്ധ പ്രവര്‍ത്തകര്‍ ഉണ്ടാകണം എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി ആവിഷ്‌കരിച്ചിട്ടുള്ളത്. 

ഈ സേനയിലെ സേവനം പൂര്‍ണമായും സന്നദ്ധ സേവനമായിരിക്കും. 16 വയസു മുതല്‍ 65 വയസു വരെയുള്ള ആരോഗ്യമുള്ള ആര്‍ക്കും ഈ സന്നദ്ധ സേനയുടെ ഭാഗമാകാം. വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ സേവനത്തിനുള്ള പ്രത്യേക സാക്ഷ്യപത്രം നല്‍കകയും അത് അവരുടെ പാഠ്യേതര പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പരിഗണിക്കുകയും ചെയ്യും.

പദ്ധതി ലക്ഷ്യങ്ങള്‍

*കേരളത്തില്‍ ശരാശരി 100 വ്യക്തികള്‍ക്ക് ഒരു സന്നദ്ധ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ ഒരു സാമൂഹിക സന്നദ്ധ സേന ഉണ്ടാകണം എന്നാണ് കണക്കാക്കുന്നത്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികള്‍ ആകുവാന്‍ ഉള്ള ഒരു പൊതു വേദി ആയി ഈ സേനയെ പരിഗണിക്കാം.

*വിവിധ വൈദഗ്ധ്യം ഉള്ള, അടിയന്തര ഘട്ടങ്ങളില്‍ പ്രവര്‍ത്തന സജ്ജരായ കേരളത്തിന് അകത്തും പുറത്തും ഉള്ള സന്നദ്ധ പ്രവര്‍ത്തകരുടെ ഏകീകൃത രൂപം ആയിട്ടാണ് സാമൂഹിക സന്നദ്ധ സേനയെ കണക്കാക്കേണ്ടത്.

*സിവില്‍ ഡിഫന്‍സ് സംവിധാനത്തില്‍ ചേരുവാനും സുദീര്‍ഘമായ പരിശീലനത്തിനും സാധ്യതയില്ലാത്ത, സ്വദേശ, വിദേശ വാസികളായ സന്നദ്ധരായ മലയാളികളെ ആണ് സാമൂഹിക സന്നദ്ധ സേനയില്‍ ഉള്‍പ്പെടുത്തുക.

*കൂടാതെ തദ്ദേശ സര്‍ക്കാരുകളുടെ ദുരന്ത ലഘൂകരണ പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളിലുടെ രൂപീകരിക്കുന്ന വാര്‍ഡ് അടിസ്ഥാനത്തില്‍ ഉളള എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം അംഗങ്ങളെയും ഈ സേനയില്‍ അംഗം ആക്കും.

അംഗത്വം

അംഗത്വ റജിസ്‌ട്രേഷനായി www.sannadham.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ആദ്യ ഘട്ടമായി അംഗത്വ അപേക്ഷ 30 ദിവസത്തേക്ക് സ്വീകരിക്കുന്നതാണ്.

മലപ്പുറം ട്രോമകെയര്‍ സെന്റര്‍, സീ റെസ്‌ക്യൂ സ്‌ക്വാഡ്, ആരോഗ്യ സേന, കുടുംബശ്രീ വിജിലന്റ് ഗ്രൂപ്പ്, യുവ കര്‍മ്മസേന, ഗോത്ര ജീവിക എന്നിവരില്‍ നിന്നും സന്നദ്ധരായ ആര്‍ക്കും ഈ സേനയിലും അംഗം ആകാം. സിവില്‍ ഡിഫന്‍സില്‍ പങ്കെടുക്കുന്ന സന്നദ്ധ പ്രവര്‍ത്തകര്‍ ഈ സേനയില്‍ അംഗം ആകേണ്ടതില്ല.

1. ഇന്ത്യയില്‍ വസിക്കുന്ന മലയാളി, എന്‍ ആര്‍ ഐ ആയ മലയാളി
2. പ്രായം  18 മുതല്‍ 65 വയസ് വരെ
3. ആധാര്‍ നംബര്‍/ എന്‍ ആര്‍ ഐ ആണെങ്കില്‍ പാസ്‌പോര്‍ട്ട് നംബര്‍
4. ജനന തിയതി
5. പ്രവര്‍ത്തിക്കുന്ന, സ്വന്തം പേരില്‍ ഉളള മൊബൈല്‍ നംബര്‍ (എന്‍ ആര്‍ ഐ ആണെങ്കില്‍ ഐ എസ് ഡി കോഡ് ഉള്‍പ്പടെ)
6. ആര്‍ജിച്ചിട്ടുള്ള ഏറ്റവും ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യത
7. അടിയന്തര പ്രവര്‍ത്തനത്തിന് സഹായകമാകുന്ന മുന്‍ പരിശീലനങ്ങള്‍ ലഭിച്ചിട്ടുണ്ടോ  എന്‍.എസ്.എസ്, എന്‍.സി.സി, സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സ്, മറ്റ് രാജ്യങ്ങളിലെ സിവില്‍ ഡിഫന്‍സ് പരിശീലനം, ബേസിക് ലൈഫ് സപോര്‍ട്ട്, അഡ്വാന്‍സ്ഡ് ലൈഫ് സപോര്‍ട്ട്, സ്റ്റുഡന്റ് പോലീസ്, എക്‌സ്‌സര്‍വീസ്, മറ്റ് ഏതെങ്കിലും യോഗ്യത തെളിയിക്കുന്ന രേഖയുടെ കോപ്പി ചേര്‍ക്കുക.
8. ക്രിമിനല്‍ കേസുകളില്‍ ശിക്ഷിക്കപ്പെട്ടവര്‍ ആകരുത്. ക്രിമിനല്‍ കേസുകളില്‍ ശിക്ഷിക്കപ്പെട്ടിട്ടില്ല എന്ന് സ്വയം സാക്ഷ്യപ്പെടുത്തണം.
9. അടിയന്തര ഘട്ടങ്ങളിലെ സന്നദ്ധ പ്രവര്‍ത്തനത്തിനുള്ള ആരോഗ്യ ശേഷി ഉണ്ട് എന്ന് സ്വയം സാക്ഷ്യപ്പെടുത്തുക 

സന്നദ്ധ പ്രസ്ഥാനങ്ങള്‍ക്കും, സ്ഥാപനങ്ങള്‍ക്കും, പ്രസ്ഥാനം എന്ന നിലയില്‍ ജനകീയ രക്ഷാ സേനയില്‍ അംഗം ആകാം. ഇതിനായി പ്രത്യേകം മാനദണ്ഡം ചുവടെ ചേര്‍ക്കുന്നു

1. ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്ത, എല്ലാ വര്‍ഷവും നിയമപരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്ന എന്‍.ജി.ഓ, അല്ലെങ്കില്‍ സ്ഥാപനം ആയിരിക്കണം.
2. ചുരുങ്ങിയത് 5 വര്‍ഷത്തെ പ്രവര്‍ത്തന പരിചയം തെളിയിക്കുന്ന വാര്‍ഷിക പ്രവര്‍ത്തന റിപ്പോര്‍ട്ട് ഉണ്ടായിരിക്കണം.
3. കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത കാര്യാലയം ഉണ്ടാകണം.
4. ചുരുങ്ങിയത് 10 വ്യക്തികള്‍ എങ്കിലും സ്ഥിരമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനം ആകണം.
5. അടിയന്തര പ്രവര്‍ത്തനത്തിന് സഹായമാകുന്ന മുന്‍ പരിശീലനങ്ങള്‍ ലഭിച്ചിട്ടുള്ള പ്രവര്‍ത്തകരുടെ എണ്ണം.
6. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നിയമ നടപടികള്‍ക്ക് വിധയമായി ശിക്ഷിക്കപ്പെട്ടിട്ടില്ലാത്ത എന്ന് സ്ഥാപന മേധാവി സ്വയം സാക്ഷ്യപ്പെടുത്തണം.

പരിശീലനം

തദ്ദേശ സര്‍ക്കാരുകളുടെ ദുരന്ത ലഘൂകരണ പദ്ധതി രൂപകരണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളിലൂടെ രൂപീകരിക്കുന്ന വാര്‍ഡ് അടിസ്ഥാനത്തിലുള്ള എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം അംഗങ്ങളുടെ ഏകോപനവും തുടര്‍ പരിശീലനവും തദ്ദേശ വകുപ്പില്‍ നിക്ഷിപ്തമായിരിക്കും. കേരളത്തിനു പുറത്തുനിന്നും സേനയില്‍ ചേരുന്ന മലയാളികളുടെയും, വിഷയ വിദഗ്ധരായ സന്നദ്ധ പ്രവര്‍ത്തകരുടെയും പരിശീലനം സംസ്ഥാന-ജില്ലാ ദുരന്ത നിവാരണ അതോറിറ്റികള്‍ നേരിട്ട് നടത്തും. ഇതിനായി Massive Online Open Course മാര്‍ഗം സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി വിനിയോഗിക്കും. ദുരന്ത നിവാരണ സ്ഥാപനങ്ങളുടെ സംവിധാനങ്ങള്‍, അടിയന്തിരഘട്ട പ്രവര്‍ത്തന മാര്‍ഗ്ഗ രേഖ, പ്രഥമ ശുശ്രൂഷ എന്നീ വിഷയങ്ങള്‍ ആണ് പരിശീലന പരിപാടിയില്‍ ഉള്‍പ്പെടുത്തുക.

ഏകോപനം

സന്നദ്ധ പ്രവര്‍ത്തകരുടെ വിവരവും, അവര്‍ വസിക്കുന്ന സ്ഥലവും സഹിതം ജി.ഐ.എസ് സാങ്കേതിക വിദ്യയില്‍ അടയാളപ്പെടുത്തി ഇവരെ ഏകോപിപ്പിക്കുന്നതിനും പ്രാദേശികമായി വിവിധ മേഖലയില്‍ ഉള്ള ഉദ്യോഗസ്ഥര്‍ക്ക് വിവരം ലഭ്യമാക്കുന്നതിനും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി സുരക്ഷായനം എന്ന മൊബൈല്‍ ആപ്പ് വികസിപ്പിക്കുന്നതാണ്.

സേനയില്‍ ചേരുവാനും കൂടുതല്‍ വിവരങ്ങള്‍ അറിയുവാനും https://sannadham.kerala.gov.in/ എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക