പൊക്കാളി കൃഷിയില്‍ പ്രതാപം വീണ്ടെടുക്കാന്‍ ചെല്ലാനം

post


ഇത്തവണ 100 ഏക്കറില്‍ അധികം 

കൃഷി ആരംഭിക്കും



 എറണാകുളം ജില്ലയുടെ തനത് നെല്ലിനമായ പൊക്കാളി കൃഷിയില്‍ നഷ്ടമായ പ്രതാപകാലം വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് ചെല്ലാനം ഗ്രാമ പഞ്ചായത്തിലെ കര്‍ഷകര്‍. ഇതിന്റെ ഭാഗമായി 125 ഏക്കര്‍ സ്ഥലത്താണ് ഇത്തവണ പൊക്കാളി കൃഷി നടത്തുന്നത്. കൃഷിക്ക് ആവശ്യമായ വിത്തുകളും വളവുമുള്‍പ്പടെ കൃഷി ഭവനില്‍ നിന്നു വിതരണം ചെയ്തിരുന്നു.


 പൊക്കാളി കൃഷി ചെയ്യാന്‍ പരിചയമുള്ള തൊഴിലാളികളുടെ അഭാവംമൂലം വര്‍ഷങ്ങളായി കൃഷി നടത്താതിരുന്ന പാടങ്ങളില്‍ പോലും ഇത്തവണ വിത്ത് വിതച്ചിട്ടുണ്ട്. കൃഷി ലാഭകരമല്ലെന്ന കാരണത്താല്‍ പാടത്ത് മത്സ്യക്കൃഷി മാത്രമാണു നടത്തിയിരുന്നത്.


 ചെല്ലാനം മേഖലയിലെ ഓരു വെള്ള ഭീഷണിക്കു പൊക്കാളി കൃഷിയില്‍ നിന്നുള്ള പിന്മാറ്റം കാരണമാണെന്ന തിരിച്ചറിവിനെ തുടര്‍ന്നു കൂടുതല്‍ കര്‍ഷകര്‍ കൃഷിക്കു സന്നദ്ധരായി രംഗത്ത് എത്തിയിട്ടുണ്ട്. പ്രദേശത്തെ കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ക്കു മേല്‍നോട്ടം വഹിക്കുന്നതിനായി ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ പ്രത്യേക സമിതിയെ ചുമതലപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.


 കൃഷി ആവശ്യങ്ങള്‍ക്കുള്ള ജലസേചനം ഉറപ്പാക്കുന്നതിനായി ജലസേചന വകുപ്പിന്റെ നേതൃത്വത്തില്‍ ഇരട്ട തോട്ടില്‍ പുറം ബണ്ടിന്റെ നിര്‍മാണം പുരോഗമിക്കുകയാണ്. 113 കര്‍ഷകരാണ് നിലവില്‍ കൃഷി പ്രവര്‍ത്തനങ്ങള്‍ക്കു സന്നദ്ധരായി രംഗത്ത് എത്തിട്ടുള്ളത്.