ചിത്രകലാ പഠനത്തിന് സ്‌പെഷ്യല്‍ ആര്‍ട്ട് ഗാലറിയുമായി പുന്നയൂര്‍ക്കുളം പഞ്ചായത്ത്

post

തൃശൂര്‍ : ചിത്രകാരന്‍ ബൈജു കുമാറിന്റെ ചിത്രപ്രദര്‍ശനം പുന്നയൂര്‍ക്കുളം ആര്‍ട്ട് ഗ്യാലറിയില്‍ സംഘടിപ്പിച്ചു. പുന്നയൂര്‍ക്കുളം ഗ്രാമപഞ്ചായത്ത് നടപ്പിലാക്കി വരുന്ന കേരള സര്‍ക്കാര്‍ ഉത്തരവാദിത്വ ടൂറിസം മിഷന്‍ പ്രവര്‍ത്തങ്ങളുടെ ഭാഗമായി ഗിരീശന്‍ ഭട്ടതിരിപ്പാടിന്റെ നേതൃത്വത്തില്‍ ആരംഭിച്ച പുന്നയൂര്‍ക്കുളം ആര്‍ട്ട് ഗാലറിയിലാണ് പ്രദര്‍ശനം നടന്നത്. പ്രശസ്ത ചിത്രകാരന്‍ മദനന്‍ ഉദ്ഘാടനം ചെയ്തു. കലയ്ക്ക് ജാതിമത വേര്‍ത്തിരിവുകള്‍ ഇല്ലെന്നും അദ്ദേഹം പറഞ്ഞു. പുന്നയൂര്‍ക്കുളം പഞ്ചായത്ത് പ്രസിഡന്റ് എ. ഡി. ധനീപ് അധ്യക്ഷനായ ചടങ്ങില്‍ നടന്‍ ശ്രീരാമന്‍ മുഖ്യാതിഥിയായി. ഡോ. രാജേഷ് കൃഷ്ണന്‍, ഉമ്മര്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് ചിത്രപ്രദര്‍ശനവും സംഗീത പരിപാടിയും നടന്നു.
പുന്നയൂര്‍ക്കുളം ആര്‍ട്ട് ഗാലറിയില്‍ നടക്കുന്ന രണ്ടാമത് ചിത്രപ്രദര്‍ശനമാണ് ബൈജു കുമാറിന്റേത്. കലാകാരാരുടെ സര്‍ഗ്ഗ പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കാനും കലാലോകത്തിനും നാടിനും പുതുവെളിച്ചമേകാനും ആരംഭിച്ചതാണ് ഈ ഗാലറി. വിനോദസഞ്ചാരികള്‍ക്കും ചിത്രകലാകാരന്‍മാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ചിത്രകലയെകുറിച്ച് പഠനം നടത്തുവാനും സ്വന്തം ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാനുമുള്ള സൗകര്യത്തോടൊപ്പം താമസ സൗകര്യവും ഗാലറിയില്‍ ഒരുക്കിയിട്ടുണ്ട്. വരും ദിനങ്ങളില്‍ കൂടുതല്‍ കലാപ്രവര്‍ത്തനങ്ങള്‍ക്ക് വേദി ഒരുക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.