നെടുമങ്ങാട് ഗവ. പോളിടെക്‌നിക് കോളേജിന് പുതിയ മന്ദിരം

post

തിരുവനന്തപുരം : നെടുമങ്ങാട് ഗവ. പോളിടെക്‌നിക് കോളേജില്‍ 6.5 കോടി മുടക്കി നിര്‍മിക്കുന്ന മൂന്നാം നിലയുടെ നിര്‍മാണോദ്ഘാടനവും 62 ലക്ഷം രൂപയുടെ പുതിയ വര്‍ക്ക്‌ഷോപ്പ് മന്ദിരത്തിന്റെ ശിലാസ്ഥാപനവും ഉന്നതവിദ്യാഭ്യാസ മന്ത്രി കെ.റ്റി. ജലീല്‍ നിര്‍വഹിച്ചു. പൊതുവിദ്യാഭ്യാസ രംഗത്തുണ്ടായ ഉണര്‍വ് ഉന്നതവിദ്യാഭ്യാസ രംഗത്തും കൊണ്ടുവരാനുള്ള തീവ്ര പരിശ്രമത്തിലാണ് സര്‍ക്കാരെന്ന് അദ്ദേഹം പറഞ്ഞു. ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ കോളേജുകളുടെയും ഭൗതിക സൗകര്യങ്ങള്‍ മെച്ചപ്പെടുത്തിയിട്ടുണ്ട്. സാങ്കേതിക വിദ്യാഭ്യാസത്തിലൂടെ വന്‍ തൊഴില്‍ സാധ്യതയാണ് നിലവിലുള്ളതെന്നും മന്ത്രി പറഞ്ഞു. 

സി. ദിവാകരന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ അടൂര്‍ പ്രകാശ് എം.പി മുഖ്യ അതിഥിയായിരുന്നു. നെടുമങ്ങാട് നഗരസഭാ ചെയര്‍മാന്‍ ചെറ്റച്ചല്‍ സഹദേവന്‍, വൈസ് ചെയര്‍പേഴ്‌സണ്‍ ലേഖാ വിക്രമന്‍, വിവിധ സ്റ്റാന്റിംഗ് കമ്മിറ്റി അംഗങ്ങള്‍, ജനപ്രതിനിധികള്‍, വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംബന്ധിച്ചു.