ഓണം ഖാദി ജില്ലാതലമേളയ്ക്ക് തുടക്കം

post

കേരള ഖാദിഗ്രാമവ്യവസായ ബോർഡിന്റെയും വൈക്കം ആശ്രമം സ്‌കൂളിന്റെയും സംയുക്താഭിമുഖ്യത്തിൽ നടത്തുന്ന ഓണം ഖാദി ജില്ലാതലമേളയ്ക്കു തുടക്കമായി. കേരള ഖാദി ഗ്രാമവ്യവസായ ബോർഡ് വൈസ് ചെയർമാൻ പി. ജയരാജൻ ഉദ്ഘാടനം ചെയ്തു. സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ഖാദി വസ്ത്രങ്ങളുടെ പ്രചരണം വിപുലപ്പെടുത്തും. സ്വാതന്ത്ര്യദിനത്തിൽ എല്ലാ ജില്ലകളിലും ഖാദി ഉപയോക്താക്കളുടെ സംഗമം നടത്തും.

നവീകരണമില്ലാതെ ഖാദി പോലുള്ള പരമ്പരാഗത വ്യവസായമേഖലയ്ക്കു നിലനിൽക്കാനാവില്ലെന്നു പി. ജയരാജൻ പറഞ്ഞു. ഖാദി വസ്ത്രങ്ങളെക്കുറിച്ച് ജനങ്ങൾക്കിടയിലുള്ള കാഴ്ചപ്പാട് മാറ്റി പാന്റ്സ്, ചുരിദാർ, കുട്ടിയുടുപ്പുകൾ തുടങ്ങിയവ ഖാദിയിൽ ലഭ്യമാക്കും.

ഖാദി ബോർഡിന്റെ കീഴിൽ മുമ്പുണ്ടായിരുന്ന പ്രവർത്തന ക്ഷമമല്ലാതായ പല പരമ്പരാഗത വ്യവസായങ്ങളെയും സഹകരണ സൊസൈറ്റികളെയും നവീകരിക്കാനുള്ള നടപടി സ്വീകരിക്കും. വ്യക്തികൾക്ക് ചെറുകിട സംരംഭങ്ങൾ തുടങ്ങാൻ ആവശ്യമായ വായ്പ ലഭ്യമാക്കുമെന്നും പി. ജയരാജൻ പറഞ്ഞു.

ഓണക്കാലത്ത് ഓരോ വീട്ടിലും ഒരു ഖാദി ഉൽപന്നം എന്ന ആശയം മുൻനിർത്തി ഓണം ഖാദിമേളയിൽ ആകർഷകമായ സമ്മാനങ്ങളുണ്ട്. ഓഗസ്റ്റ് അഞ്ചു വരെ വൈക്കം എസ്.എൻ.ഡി.പി. യൂണിയൻ ഓഡിറ്റോറിയത്തിൽ രാവിലെ 9.30 മുതൽ വൈകിട്ട് 5.30 വരെ ഖാദി ഉത്പന്നങ്ങളുടെ പ്രദർശനവും വിൽപനയും നടക്കും.