ദുരന്ത നിവാരണ അതോറിറ്റി അടിയന്തര യോഗം ചേര്‍ന്നു

post

വെള്ളപ്പൊക്ക സാധ്യതയുള്ള സ്ഥലങ്ങളില്‍നിന്ന് ആളുകളെ ഒഴിപ്പിക്കും

ജില്ലയില്‍ ജലനിരപ്പ് ഗണ്യമായി ഉയരാനുള്ള സാധ്യത മുന്നില്‍ കണ്ട് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അടിയന്തര യോഗം ചേര്‍ന്ന് രക്ഷാ-ദുരിതാശ്വാസ സജ്ജീകരണങ്ങള്‍ വിലയിരുത്തി.

ശക്തമായ മഴ തുടരുകയും സമീപ ജില്ലകളില്‍നിന്നും ഒഴുകിയെത്തുന്ന വെള്ളത്തിന്‍റെ അളവ് ഗണ്യമായി വര്‍ധിക്കുകയും ചെയ്യ്താല്‍ താഴ്ന്ന പ്രദേശങ്ങളില്‍നിന്നും ആളുകളെ അതിവേഗം ഒഴിപ്പിക്കാന്‍ ജില്ലാ കളക്ടര്‍ വി.അര്‍. കൃഷ്ണതേജയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. ഡാമുകളില്‍നിന്ന് വെള്ളം ഒഴുക്കിവിടേണ്ടി വരുന്ന സാഹചര്യംകൂടി മുന്‍കൂട്ടി കണ്ട് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് കളക്ടര്‍ നിര്‍ദേശിച്ചു.

രക്ഷാ, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ ബോട്ടുകള്‍, ഡിങ്കികള്‍, മറ്റു വാഹനങ്ങള്‍ തുടങ്ങിയവയുടെ ലഭ്യത ഉറപ്പാക്കിയിട്ടുണ്ട്. അഗ്നിരക്ഷാ സേനയും സിവില്‍ ഡിഫന്‍സും സജ്ജമാണ്. എന്‍.ഡി.ആര്‍.എഫിന്‍റെ 21 അംഗം ഇന്ന് ജില്ലയില്‍ എത്തിച്ചേരും. എല്ലാ ദുരിതാശ്വാസ ക്യാമ്പുകളും സജ്ജമാണെന്ന് ഉറപ്പുവരുത്താന്‍ തഹസില്‍ദാര്‍മാരെയും വില്ലേജ് ഓഫീസര്‍മാരെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.