ബാണാസുര സാഗർ ഡാമിന്റെ ഒരു ഷട്ടർ തുറന്നു

post

ജാഗ്രത വേണം; ആശങ്കപ്പെടേണ്ട സാഹചര്യമില്ല

ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ബാണാസുര സാഗർ അണക്കെട്ടിന്റെ ഒരു ഷട്ടർ 10 സെന്റിമീറ്റർ ഉയർത്തി. സെക്കന്റിൽ 8.5 കുബിക് മീറ്റർ ജലം കരമാൻതോടിലേക്ക് ഒഴുക്കി വിട്ടു തുടങ്ങി. ഇത് മൂലം പുഴയിലെ ജലനിരപ്പ് 5 സെന്റിമീറ്റർ വരെ ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജലനിരപ്പ് പരിഗണിച്ചു ഘട്ടം ഘട്ടമായി 35 കുബിക് മീറ്റർ വരെ വെള്ളം ഒഴുക്കി വിടാനാണ് തീരുമാനം. ഡാമിലെ 4 ഷട്ടറുകളിൽ ഒന്ന് മാത്രമാണ് 10 സെന്റീമീറ്റർ ഇപ്പോൾ ഉയർത്തിയത്. ബാക്കി ഷട്ടറുകൾ ആവശ്യാനുസരണം ഉയർത്തും.

തിങ്കളാഴ്ച രാവിലെ 8.10 ഓടെയാണ് ഡാം തുറന്നത്. ബാണാസുര ഡാമിന് 201 മില്യൺ കുബിക് മീറ്റർ പരമാവധി സംഭരണ ശേഷിയാണ് ഉള്ളത്. 2018 ലെ മഹാ പ്രളയത്തിനു ശേഷം കേന്ദ്ര ജല കമ്മീഷൻ നിർദ്ദേശാനുസരണം നടപ്പിൽ വരുത്തിയ റൂൾ ലെവൽ പ്രകാരം 181.65 മില്യൺ കുബിക് മീറ്റർ ആണ് ആഗസ്ത് 10 വരെയുള്ള പരമാവധി സംഭരണ ശേഷി. ഇതിൽ കൂടുതൽ നീരൊഴുക്ക് ഉണ്ടായാൽ കൂടുതൽ വരുന്ന ജലം സ്പിൽവെ ഷട്ടറുകൾ തുറന്നു നിലവിലെ പുഴയിലേക്ക് ഒഴുക്കി വിടണമെന്നാണ് ചട്ടം.

ഇത് പ്രകാരം ‌തിങ്കളാഴ്ച പുലർച്ചെ 2 മണിയോടെ അപ്പർ റൂൾ ലെവൽ ആയ 774 മീറ്ററിൽ ജലനിരപ്പ് എത്തിയതോടെ ഈ സംഭരണ ശേഷി കവിഞ്ഞു. എന്നാൽ രാത്രി പുഴയിലേക്ക് ജലം തുറന്നു വിടുന്നതിനു ദുരന്ത നിവാരണ ചട്ടപ്രകാരം വിലക്കുള്ളതിനാലാണ് ഇന്ന് രാവിലെ എട്ടു മണിക്ക് അധിക ജലം ഒഴുക്കിവിടാൻ തീരുമാനിച്ചത്. ഷട്ടർ തുറക്കുമ്പോൾ 774.25 മീറ്ററിലാണ് ജലനിരപ്പ്.

പുഴകളിൽ നിയന്ത്രിത അളവിലേ ജലനിരപ്പ് ഉയരൂ എന്നതിനാൽ ഭയപ്പെടേണ്ടതോ ആശങ്കപ്പെടേണ്ടതോ ആയ സാഹചര്യമില്ലെന്നും എന്നാൽ മഴ ശക്തമായി തുടരുന്നതിനാൽ നല്ല ജാഗ്രത വേണമെന്നും മന്ത്രി കെ. രാജൻ പറഞ്ഞു. ഡാം തുറക്കുന്നത് മൂലം പൊതുജനങ്ങൾക്ക് യാതൊരു വിധ ബുദ്ധിമുട്ടുകളും ഉണ്ടാകുന്നില്ല എന്ന് ഉറപ്പു വരുത്തിയിട്ടുണ്ട്. ഷട്ടർ ഉയർത്തുന്ന വിവരം പരിസരവാസികളെയും പൊതുജനങ്ങളെയും മുൻകൂട്ടി അറിയിച്ചിട്ടുണ്ട്.

തുറന്നു വിടുന്ന അധിക ജലം കരമാൻ തോടിലും തുടർന്ന് പനമരം പുഴയിലും ഒഴുകിയെത്തി തുടർന്ന് കബനി നദിയിലും പിന്നീട് കർണ്ണാടകയിലെ കബനി റിസർവോയറിലും എത്തിച്ചേരുകയാണ് ചെയ്യുന്നത്. ജില്ലയിൽ പനമരം പുഴയാണ് ഏറ്റവും താഴ്ന്ന അവസ്ഥയിൽ ഉള്ളത് എന്നതിനാൽ കൂടുതൽ വെള്ളം എത്തുന്നത് പരിഗണിച്ച് ദേശീയ ദുരന്ത പ്രതികരണ സേനയെ പനമരത്ത് വിന്യസിച്ചതായി മന്ത്രി അറിയിച്ചു. ഇത് കൂടാതെ അധിക ജലം ഉൾക്കൊള്ളുന്നതിനായി കബനി ഡാം അധിക കൃത്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

ഇപ്പോഴത്തെ സ്ഥിതിയിൽ ഒരു ദിവസം പരമാവധി 0.73 മില്യൺ കുബിക് മീറ്റർ ജലമാണ് കബനി റിസർവോയറിൽ എത്തുക. എന്നാൽ ഏകദേശം 1.13 മീറ്റർ ജലം ഉൾകൊള്ളുന്നതിനുള്ള ക്രമീകരണം ഇന്നലെ രാത്രി തന്നെ കബനി ഡാം അധിക്യതർ ഒരുക്കിയിട്ടുണ്ട്. വയനാട്, മൈസൂർ ജില്ലാ ദുരന്ത നിവാരണ അതോറിറ്റികളുടേയും ബാണാസുര, കബനി ഡാം അധികൃതരുടേയും ഏകോപനം ഇക്കാര്യത്തിൽ മികച്ച രീതിയിലാണെന്നും മന്ത്രി പറഞ്ഞു.





--