കുട്ടികൾക്കൊപ്പം അമ്മമാരുടെ കഴിവുകളും പ്രദർശിപ്പിച്ച് 'ഡി ആർട്ട്' സ്റ്റോൾ

post


ഫെസ്റ്റ് ഓഫ് ഹാപ്പിനെസ്സിൽ ജില്ലകളിലെ സ്റ്റോളുകൾക്കൊപ്പം ശ്രദ്ധയാകർഷിച്ച് ഡിഫറന്റ് ആർട്ട് സെന്റർ. കഴക്കൂട്ടം കിൻഫ്രാ പാർക്കിൽ സ്ഥിതിചെയ്യുന്ന സ്ഥാപനത്തിലെ കുട്ടികൾക്കൊപ്പം അമ്മമാരുടെ കഴിവും കൂടി സംഗമിച്ച സ്റ്റോളിൽ പ്ലാന്റ് പോട്ടസ്, കുടകൾ, പേന, കരകൗശല വസ്തുക്കൾ, പാവകൾ, ക്രാഫ്റ്റഡ് ആഭരണങ്ങൾ, വസ്ത്രങ്ങൾ തുടങ്ങി നിരവധി വസ്തുക്കളുമായി പ്രദർശനത്തിൽ കൗതുകമായി.കുട്ടികളെ സെന്ററിലെത്തിച്ച ശേഷം അവിടെ തന്നെ തങ്ങേണ്ടി വരുന്ന ഇവിടുത്തെ അമ്മമാർക്ക് തങ്ങളുടെ സമയം ചെറിയ രീതിയിലുള്ള വരുമാനമാർഗ്ഗത്തിനായി വിനിയോഗിക്കാൻ കഴിയുന്ന രീതിയിലാണ് ഡിഫറന്റ് ആർട്ട് സെന്ററിലെ പ്രവർത്തനങ്ങൾ. കരിഷ്മ സെന്റർ എന്ന പേരിൽ സജ്ജീകരിച്ചിരിക്കുന്ന സംവിധാനത്തിൽ അമ്മമാർക്ക് ചെറിയ തോതിൽ വരുമാനമുണ്ടാക്കാൻ സാധിക്കുന്നു.നബാർഡിന്റെ നേതൃത്വത്തിൽ കുട നിർമ്മാണം, ക്രാഫ്റ്റ് പോലുള്ള വിഷയങ്ങളിൽ പരിശീലനവും ഇവർക്ക് ലഭ്യമാക്കിയിട്ടുണ്ട്.

ഫെസ്റ്റ് ഓഫ് ഹാപ്പിനെസ് പ്രദർശന സ്റ്റോളുകളിൽ ഡിഫറന്റ് ആർട്ട് സെന്ററിലെ കുട്ടികൾ നിർമ്മിച്ച വസ്തുക്കൾക്കൊപ്പം കരിഷ്മ സെന്ററിൽ അമ്മമാർ തയ്യാറാക്കിയവയും അണിനിരന്നു. രണ്ട് ദിവസവും ഈ സ്റ്റോളിൽ വലിയ രീതിയിലുള്ള ജനത്തിരക്കാണ് അനുഭവപ്പെട്ടത്.