കുശലാന്വേഷണവുമായി കുട്ടികൾക്ക് അരികിലെത്തി മേയർ

post


സംസ്ഥാന ബാലവകാശ സംരക്ഷണ സ്ഥാപനങ്ങളിലെ കുട്ടികളുടെ സംഗമ വേദിയായ ഫെസ്റ്റ് ഓഫ് ഹാപ്പിനസിൽ കുട്ടികൾക്കൊപ്പം കുശലാന്വേഷണവുമായി മേയർ ആര്യ രാജേന്ദ്രൻ. കുറുമ്പുകളും കുട്ടിച്ചോദ്യങ്ങളുമായി കുട്ടികൾക്കൊപ്പം ആഘോഷമാക്കിയാണ് ഏറ്റവും പ്രായം കുറഞ്ഞ മേയർ കൂടിയായ ആര്യ ഫെസ്റ്റ് ഓഫ് ഹാപ്പിനെസിൽ തന്റെ സാന്നിധ്യം അറിയിച്ചത്.

കുട്ടികൾ പ്രതികരിക്കാനാണ് ആദ്യം പഠിക്കേണ്ടത്, ധൈര്യത്തോടെ തങ്ങളുടെ ഭയത്തെ അതിജീവിക്കാൻ കുട്ടിക്കാലത്തെ തയ്യാറാകണം എന്നൊക്കെ കുട്ടികളെ കൊണ്ടു തന്നെ പറയിപ്പിച്ച മേയർ മൈക്കുമായി വേദിയിലിരുന്ന കുട്ടികൾക്ക് അരുകിലെത്തി വിശേഷങ്ങളും അവരുടെ സംശയങ്ങളും നർമ്മത്തോടെ തന്നെ കേട്ട് മറുപടി പറഞ്ഞ് സദസ്സിനെ ഉണർത്തിയാണ് വേദിവിട്ടത്.

മുൻ ചീഫ് സെക്രട്ടറിയും ഐഎംജി ഡയറക്ടറുമായ കെ.ജയകുമാർ കുട്ടികളുമായി സംവദിച്ചു. ജീവിതത്തിലെ ജയപരാജയങ്ങളെ കുറിച്ചും പരാജയങ്ങളെ എങ്ങനെ വിജയത്തിലേക്കുള്ള ചവിട്ടുപടിയാക്കി മാറ്റാമെന്നും വിശദീകരിച്ച അദ്ദേഹം ഓരോ കുട്ടികളും മനസിനൊപ്പം ഒരൽപ്പം സമയം ചെലവഴിച്ചാൽത്തന്നെ ധൈര്യവും ആത്മവിശ്വാസത്തോടെയും അവർക്ക് ജീവിതത്തിൽ ഉന്നതങ്ങളിലേക്ക് കുതിക്കാനുള്ള കരുത്ത് ലഭിക്കുമെന്നും പറഞ്ഞു. തങ്ങളുടെ കുറവുകൾ തിരിച്ചറിയാനും കഴിവുകൾ കണ്ടെത്താനും കലാ-സൗന്ദര്യ ആസ്വാദന മികവുകൾ വളർത്താനും ഇത്തരത്തിൽ കുട്ടികൾ മനസിനൊപ്പം സമയം ചെലവഴിച്ച് പഠിക്കണമെന്നും പ്രശ്നങ്ങൾ വരുമ്പോൾ നേരിടാനും കഴിവുകൾ പ്രദർശിപ്പിക്കാനും കഴിയുന്ന തരത്തിലേക്ക് കുട്ടികൾ വളരട്ടേയെന്ന് അദ്ദേഹം ആശംസിച്ചു.ബാലാവകാശ സംരക്ഷണ കമ്മീഷൻ ചെയർ പേഴ്സൺ കെ.വി മനോജ് കുമാർ, കമ്മീഷൻ അംഗങ്ങളായ ശ്യാമള പി.പി, ബവിത ബി, സി. വിജയകുമാർ തുടങ്ങിയവർ ചടങ്ങിൽ സംവദിച്ചു.