കേരള സ്‌പോർട്‌സ് കൗൺസിൽ അവാർഡുകൾക്ക് അപേക്ഷിക്കാം

post

കേരള സ്റ്റേറ്റ് സ്‌പോർട്‌സ് കൗൺസിൽ- 2020 വർഷത്തെ ജി.വി.രാജ അവാർഡ്, സുരേഷ് ബാബു മെമ്മോറിയൽ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ്, മറ്റു അവാർഡുകൾ, മാധ്യമ അവാർഡുകൾ, കോളേജ്/ സ്‌കൂൾ/ സെൻട്രലൈസ്ഡ് സ്‌പോർട്‌സ് അക്കാദമി വിഭാഗത്തിൽ ഏറ്റവും മികച്ച കായിക നേട്ടങ്ങൾ കൈവരിച്ച പുരുഷ/ വനിതാ കായിക താരങ്ങൾക്കുള്ള അവാർഡുകൾ എന്നിവയ്ക്ക് അപേക്ഷകൾ ക്ഷണിച്ചു.

ജി.വി.രാജ അവാർഡ്: മൂന്നു ലക്ഷം രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ്. പുരഷ, വനിതാ വിഭാഗങ്ങളിലായി ഓരോ കായിക താരത്തിനെ വീതമായിരിക്കും അവാർഡിന് പരിഗണിക്കുന്നത്. സുരേഷ്ബാബു മെമ്മോറിയൽ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ്: കേരള കായിക രംഗത്തിന് സമഗ്ര സംഭാവനകൾ നൽകിയ ഒരു വ്യക്തിക്ക് ആജീവനാന്ത കായികനേട്ടങ്ങൾ പരിഗണിച്ച് നൽകുന്ന അവാർഡാണിത്. രണ്ടു ലക്ഷം രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ്.

മികച്ച കായിക പരിശീലകനുള്ള അവാർഡ്: 2021 ലെ മികച്ച കായിക പരിശീലകനുള്ള അവാർഡാണിത്. 1,00,000 രൂപയും ഫലകവും പ്രസംശാപത്രവും അടങ്ങുന്നതാണ് അവാർഡ്. മികച്ച കായികാധ്യാപക അവാർഡ് (2020-21): മികച്ച പ്രകടനം കാഴ്ചവച്ച സ്‌കൂൾ, കോളേജ്കളിലെ കായിക അധ്യാപകരുടെ കായിക നേട്ടത്തിന്റെയും പരിശീലന മികവിന്റെയും അടിസ്ഥാനത്തിൽ അപേക്ഷിക്കാം. ഓരോ വിഭാഗത്തിലും 50,000 രൂപയും ഫലകവും പ്രശംസാപത്രവും അടങ്ങുന്നതാണ് അവാർഡ്.

മികച്ച കായികനേട്ടങ്ങൾ കൈവരിച്ച സ്‌കൂൾ (2020-21): 50,000 രൂപയും ഫലകവും പ്രശംസാപത്രവും അടങ്ങുന്നതാണ് അവാർഡ്. മികച്ച കായികനേട്ടങ്ങൾ കൈവരിച്ച കോളേജ് (2020-21): 50,000 രൂപയും ഫലകവും പ്രശംസാപത്രവും അടങ്ങുന്നതാണ് അവാർഡ്.

സ്‌പോർട്‌സ് കൗൺസിൽ മാധ്യമ അവാർഡുകൾ (2021): കേരളത്തിലെ അച്ചടി മാധ്യമ രംഗത്ത് ഏറ്റവും നല്ല സ്‌പോർട്‌സ് ലേഖകനും, സ്‌പോർട്‌സ് ഫോട്ടോഗ്രാഫർക്കും കേരള കായിക രംഗത്തിന്റെ വികസനത്തിനുതകുന്ന പ്രത്യേക പരിപാടികൾ സംപ്രേക്ഷണം ചെയ്ത ദൃശ്യമാധ്യമത്തിനും മികച്ച സ്‌പോർട്‌സ് പുസ്തകത്തിനുമാണ് അവാർഡ് നൽകുന്നത്. ഓരോ വിഭാഗത്തിലും 50,000 രൂപയും ഫലകവും പ്രശംസാപത്രവും അടങ്ങുന്നതാണ് അവാർഡ്.

2020 ജനുവരി ഒന്നു മുതൽ ഡിസംബർ 31 വരെ പ്രസിദ്ധീകരിച്ച ലേഖനങ്ങളുടെയും ചിത്രങ്ങളുടെയും ഈ കാലയളവിൽ കേരള കായികരംഗത്തിന്റെ വികസനത്തിനുതകുന്ന പ്രത്യേക പരിപാടികൾ സംപ്രേഷണം ചെയ്ത ദൃശ്യ മാധ്യമ പരിപാടികളേയും ഈ കാലയളവിൽ പ്രസിദ്ധീകരിച്ച പുസ്തകങ്ങളേയുമാണ് പുരസ്‌കാരത്തിന് പരിഗണിക്കുന്നത്. ഒരാളിൽ നിന്നും പരമാവധി 2 ലേഖനങ്ങളും 2 ഫോട്ടോകളും 2 സി.ഡി.കളും സ്വീകരിക്കും. പ്രത്യേക അപേക്ഷാഫാറം ഇല്ല. പൂർണമായ പേരും മേൽവിലാസവും എഴുതിയ അപേക്ഷയോടൊപ്പം പ്രസിദ്ധീകരണത്തിന്റെ പേരും തീയതിയും വ്യക്തമാക്കിയിരിക്കണം. മാധ്യമ അവാർഡ് ലഭിച്ചവർ മൂന്ന് വർഷത്തിന് ശേഷം മാത്രമേ വീണ്ടും അപേക്ഷ സമർപ്പിക്കുവാൻ പാടുള്ളൂ.

കോളേജ്/ സ്‌കൂൾ സ്‌പോർട്‌സ് അക്കാദമി (സ്‌പോർട്‌സ് ഹോസ്റ്റൽ) വിഭാഗത്തിൽ ഏറ്റവും മികച്ച കായിക നേട്ടങ്ങൾ കൈവരിച്ച പുരുഷ/വനിത കായിക താരങ്ങൾക്കുള്ള അവാർഡ് (2020-21): ഓരോ വിഭാഗത്തിലും 50,000 രൂപയും ഫലകവും പ്രശംസാപത്രവും അടങ്ങുന്നതാണ് അവാർഡ്.

അപേക്ഷകൾ ഡിസംബർ 15ന് അഞ്ച് മണിക്ക് മുൻപായി സെക്രട്ടറി, കേരള സ്റ്റേറ്റ് സ്‌പോർട്‌സ് കൗൺസിൽ, തിരുവനന്തപുരം-1 എന്ന വിലാസത്തിൽ സമർപ്പിക്കേണ്ടതാണ്. വിശദവിവരങ്ങൾക്ക്: (www.sportscouncil.kerala.gov.in) എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.