സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികം; ജില്ലയില്‍ ലൈബ്രറി കൗണ്‍സില്‍ 750 ചരിത്ര സദസുകള്‍ നടത്തും

സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തോടനുബന്ധിച്ച് സംസ്ഥാന ലൈബ്രറി കൗണ്‍സിന്റെ ആഭിമുഖ്യത്തില്‍ ഇന്ത്യന്‍ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ വിലയിരുത്തുന്ന 10,000 ചരിത്ര സംവാദങ്ങളും സെമിനാറുകളും സംഘടിപ്പിക്കുന്നു.
നാം സഞ്ചരിച്ച വഴികള്‍, നേരിട്ട വെല്ലുവിളികള്‍, ഇന്നത്തെ അവസ്ഥ, ദേശരാഷ്ട്രം എന്ന നിലയില്‍ ഇന്ത്യയുടെ ഭാവി, ഇന്ത്യ എന്ന രാഷ്ട്രം രൂപീകൃതമായ ചരിത്ര സന്ദര്‍ഭം, അതിനെ സ്വാധീനിച്ച രാഷ്ട്രീയ സാമൂഹിക പ്രതിഭാസങ്ങള്‍, പ്രതീക്ഷകള്‍ തുടങ്ങിയവയാണ് വിഷയങ്ങള്‍.
ഓഗസ്റ്റ് 15 മുതല്‍ ഡിസംബര്‍ 31 വരെ നടക്കുന്ന ചരിത്രോത്സവത്തിന്റെ ഭാഗമായി ആലപ്പുഴ ജില്ലയില്‍ 750 സെമിനാറുകള്‍ നടത്തും. സെമിനാറുകളില്‍ ക്ലാസ് എടുക്കുന്നവര്‍ക്ക് ജില്ലാതലത്തില്‍ പരിശീലനം നല്കി. ജില്ലയിലെ അംഗീകാരമുള്ള എല്ലാ ഗ്രന്ഥശാലകളും സെമിനാറുകള്‍, പ്രദര്‍ശനങ്ങള്‍, പ്രഭാഷണങ്ങള്‍ എന്നിവ സംഘടിപ്പിക്കും.
ചരിത്രോത്സവത്തിന്റെ ഭാഗമായി 50 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള ഗ്രന്ഥശാലകളുടെ ചരിത്രവും അനുബന്ധ പ്രാദേശിക ചരിത്ര രേഖകളും തയ്യാറാക്കുകയും ഡിജിറ്റല്‍ ഡോക്യൂമെന്റേഷന് നടത്തുകയും ചെയ്യും. ജില്ലയിലെ എല്ലാ ഗ്രന്ഥശാലകളും രണ്ടില്‍ കുറയാതെ ചരിത്ര സദസുകള്‍ സംഘടിപ്പിക്കും.