സര്‍ക്കാര്‍ ഓണക്കിറ്റില്‍ നീലേശ്വരത്ത് നിന്നുള്ള ശര്‍ക്കരവരട്ടിയും

post

ശര്‍ക്കരവരട്ടിയുടെ മാധുര്യത്തിലാണ് ഇപ്പോള്‍ നീലേശ്വരം നഗരസഭാ സി.ഡി.എസ്. സംസ്ഥാന സര്‍ക്കാര്‍ സപ്ലൈകോ വഴി വിതരണം ചെയ്യുന്ന ഓണക്കിറ്റില്‍ നീലേശ്വരത്തെ കുടുംബശ്രീ യൂണിറ്റുകളില്‍ നിന്നുണ്ടാക്കുന്ന ശര്‍ക്കരവരട്ടിയുമുണ്ടാകും. നഗരസഭ സിഡിഎസിന്റെ നേതൃത്വത്തില്‍ ശ്രീലക്ഷ്മി, മഹിമ യൂണിറ്റുകള്‍ ചേര്‍ന്നാണ് ശര്‍ക്കരവരട്ടിയൊരുക്കുന്നത്. 16000 പാക്കറ്റ് ശര്‍ക്കരവരട്ടിക്ക് ഇതിനകം ഓര്‍ഡര്‍ ലഭിച്ചിട്ടുണ്ട്.

ഒരു പാക്കറ്റില്‍ 100 ഗ്രാം ശര്‍ക്കര വരട്ടിയാണ് ഉള്‍കൊള്ളിച്ചിരിക്കുന്നത്. മഹിമ യൂണിറ്റിന് 11000 പാക്കറ്റും, ശ്രീലക്ഷ്മി യൂണിറ്റ് 5000 പാക്കറ്റും തയ്യാറാക്കും. ഓര്‍ഡര്‍ ലഭിച്ചതോടെ ഉല്‍പ്പാദനവും പാക്കിങ്ങും വേഗത്തില്‍ തുടങ്ങി.  ഏത്തക്കായ അരിയുന്നതും രുചികരമായ ഉപ്പേരിയും ശര്‍ക്കര വരട്ടിയും തയാറാക്കി പായ്ക്ക് ചെയ്യുന്നതും അതീവ സുരക്ഷയോടെയാണ്. ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ചാണ് നിര്‍മാണം. ആഗസ്റ്റ് 16 നകം പൂര്‍ത്തീകരിച്ച് നല്‍കണമെന്നാണ് സപ്ലൈകോയുടെ നിര്‍ദ്ദേശം. കഴിഞ്ഞ ഓണ കിറ്റിലും മഹിമ യൂണിറ്റിന്റെ ശര്‍ക്കര വരട്ടി ഉള്‍പ്പെടുത്തിയിരുന്നു.