തെരുവ് നായ നിയന്ത്രണം: എ.ബി.സി പദ്ധതി നടപ്പിലാക്കാനൊരുങ്ങി പൊന്നാനി നഗരസഭ

post

തെരുവ്‌നായ ശല്യത്തിന് പരിഹാരം കാണുന്നതിന് അനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍ (എ.ബി.സി) പ്രോഗ്രാം നേരിട്ട് നടപ്പിലാക്കാനൊരുങ്ങി പൊന്നാനി നഗരസഭ. ഇക്കാര്യം സംബന്ധിച്ചുള്ള തീരുമാനം അടിയന്തര നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ തീരുമാനമായി. എ.ബി.സി പദ്ധതി പൊന്നാനി നഗരസഭയിലും വിജയകരമായി നടത്തിയിരുന്നെങ്കിലും കുടുംബശ്രീ നടത്തി വന്ന പദ്ധതി താത്കാലികമായി നിര്‍ത്തിവയ്ക്കണമെന്ന ഹൈക്കോടതിയുടെ വിലക്ക് വന്നതോടെ നിലയ്ക്കുകയായിരുന്നു.

എ.ബി.സി പ്രോഗ്രാമിന് വിലക്കുണ്ടായിരുന്ന സമയങ്ങളില്‍ നഗരസഭയില്‍ 278 തെരുവ് നായ്ക്കള്‍ക്ക് പേവിഷ പ്രതിരോധ വാക്‌സിന്‍ കുത്തിവെപ്പ് നല്‍കി തിരിച്ചറിയല്‍ ചിപ്പ് ഘടിപ്പിക്കുകയും ചെയ്തു. നഗരത്തില്‍ തെരുവ് നായകളുടെ ശല്യം കൂടുന്ന സാഹചര്യത്തിലാണ് നഗരസഭ നേരിട്ട് പദ്ധതി നടപ്പിലാക്കാനൊരുങ്ങുന്നത്.

ഇതിനാവശ്യമായ ഓപ്പറേഷന്‍ തിയേറ്റര്‍, ഇലക്ട്രിക് ഓപ്പറേഷന്‍ ടേബിള്‍, ഡബിള്‍ ഓപ്പറേഷന്‍ തിയേറ്റര്‍ ലൈറ്റുകള്‍, ഫുള്ളി സ്‌റ്റൈന്‍ലസ് സ്റ്റീല്‍ നിര്‍മിതവുമായ എയര്‍കണ്ടീഷന്‍ മൊബൈല്‍ ഓപ്പറേഷന്‍ തിയേറ്ററും പ്രീ പ്രിപ്പറേഷന്‍ സൗകര്യങ്ങളും പോസ്റ്റ് ഓപ്പറേറ്റീവ് കെയര്‍ സംവിധാനങ്ങള്‍ എന്നിവ നഗരസഭ ഒരുക്കും. അതോടൊപ്പം ആവശ്യമായ ഡോക്ടര്‍മാരെയും ഡോഗ് കാച്ചേഴ്‌സ് അടക്കമുള്ള മറ്റു ജീവനക്കാരെയും നഗരസഭ കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നതിനും കൗണ്‍സില്‍ യോഗത്തില്‍ തത്വത്തില്‍ തീരുമാനമായി.