സ്വാതന്ത്ര്യദിനത്തില്‍ ജില്ലയില്‍ വിപുലമായ പരിപാടികള്‍

post

സ്വാന്ത്ര്യദിനത്തില്‍ മലപ്പുറം ജില്ലയിൽ വിപുലമായ പരിപാടികൾ സംഘടിപ്പിക്കും. മന്ത്രി വി. അബ്ദുറഹിമാന്‍ മലപ്പുറം എം.എസ്.പി പരേഡ് ഗ്രൗണ്ടില്‍ അഭിവാദ്യം സ്വീകരിക്കും. പരേഡും അനുബന്ധ പരിപാടികളും രാവിലെ എട്ട് മുതല്‍ എം.എസ്.പി ഗ്രൗണ്ടില്‍ നടക്കും. വിവിധ സേനകളുടെ പരേഡില്‍ സല്യൂട്ട് സ്വീകരിച്ച ശേഷം മന്ത്രി സ്വാതന്ത്ര്യദിന സന്ദേശം നല്‍കും. പരേഡിന് എം.എസ്.പി. അസിസ്റ്റന്റ് കമാണ്ടന്റ് നേത്യത്വം നല്‍കും. സിവില്‍സ്റ്റേഷനിലുള്ള യുദ്ധസ്മാരകത്തില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷമാണ് മന്ത്രി പരേഡ് ഗ്രൗണ്ടില്‍ എത്തുക.

കോവിഡ് മഹാമാരിയെ തുടര്‍ന്നുള്ള നിയന്ത്രണങ്ങള്‍ പിന്‍വലിച്ചതിന് ശേഷമുള്ള ആദ്യ സ്വാതന്ത്ര്യ ദിനാഘോഷമാണ് ഇത്തവണത്തേത്. ആഗസ്റ്റ് 15ന് രാവിലെ മലപ്പുറം നഗരസഭാ പരിധിയിലെ വിവിധ വിദ്യാലയങ്ങളില്‍ നിന്നുള്ള കുട്ടികള്‍ പങ്കെടുക്കുന്ന പ്രഭാത ഭേരിയോടെ ആഘോഷങ്ങള്‍ക്ക് തുടക്കമാവും. രാവിലെ 7.15ന് സിവില്‍ സ്റ്റേഷന്‍ പരിസരത്ത് നിന്ന് ആരംഭിച്ച് എം.എസ്.പി പരേഡ് ഗ്രൗണ്ടില്‍ പ്രവേശിക്കുന്ന പ്രഭാത ഭേരിയില്‍ 10 വിദ്യാലയങ്ങളില്‍ നിന്നുള്ള 3006 കുട്ടികള്‍ പങ്കെടുക്കും.

ബാന്റ് സെറ്റുകളുടെയും സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സ്, ജൂനിയര്‍ റെഡ്‌ക്രോസ് മാര്‍ച്ച് പാസ്റ്റിന്റെയും മറ്റും അകമ്പടിയോടെ നടക്കുന്ന പ്രഭാതഭേരിയില്‍ മികച്ച പ്രകടനം നടത്തുന്ന ടീമിന് റോളിംഗ് ട്രോഫി സമ്മാനിക്കും. എം.എസ്.പി ഗ്രൗണ്ടില്‍ നടക്കുന്ന പരേഡില്‍ എം.എസ്.പി, ലോക്കല്‍ പൊലീസ്, വനിതാ പൊലീസ്, എക്‌സൈസ്, അഗ്നിശമന സേന തുടങ്ങി സേനാ വിഭാഗങ്ങളും എന്‍.സി.സി, എസ്.പി.സി, സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സ് തുടങ്ങിയവയും അണിനിരക്കും. ആഗസ്റ്റ് 11, 12 തിയതികളില്‍ വൈകിട്ട് നാലു മണിക്കും 13 ന് രാവിലെ എട്ടുമണിക്കുമായി പരേഡിന്റെ റിഹേഴ്‌സല്‍ നടക്കും.

പരേഡിന് ശേഷം ജില്ലയിലെ തെരഞ്ഞെടുത്ത ആറു വിദ്യാലയങ്ങളില്‍ നിന്നുള്ള 90 വിദ്യാര്‍ത്ഥികള്‍ അവതരിപ്പിക്കുന്ന വിവിധ സാംസ്‌കാരിക പരിപാടികളും നടക്കും. സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി നഗരസഭാ പരിധിയിലെ വ്യാപാര സ്ഥാപനങ്ങള്‍ അലങ്കരിക്കും. ഏറ്റവും നന്നായി അലങ്കരിക്കുന്ന വ്യാപാര സ്ഥാപനങ്ങള്‍ക്ക് ജില്ലാ ഭരണകൂടം സമ്മാനം നല്‍കും. സ്ഥാപനങ്ങള്‍ അലങ്കരിക്കുമ്പോള്‍ ഹരിത ചട്ടം പാലിക്കുണ്ടെന്ന് ഉറപ്പാക്കണം.