അമൃത് സരോവർ മിഷൻ: ആദ്യഘട്ടത്തിൽ 44 കുളങ്ങൾ

post

അമൃത് സരോവർ മിഷന്റെ ഭാഗമായി ജില്ലയിൽ ആദ്യഘട്ടത്തിൽ 44 കുളങ്ങൾ ഉൾപ്പെടുത്തി. ഇതിൽ ആറ് കുളങ്ങൾ പുതുതായി നിർമ്മിക്കും. 38 കുളങ്ങൾ നവീകരിക്കും. തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് അമൃത് സരോവർ മിഷൻ നടപ്പിലാക്കുന്നത്. മറ്റ് വകുപ്പുകളുടെ സഹായവും പദ്ധതിക്ക് ലഭ്യമാക്കും. ഇതനുസരിച്ച് ആറ് കുളങ്ങൾ ചെറുകിട ജലസേചന വകുപ്പിന്റേയും പത്ത് കുളങ്ങൾ മണ്ണ് സംരക്ഷണ വകുപ്പിന്റേയും പദ്ധതികളിൽ ഉൾപ്പെടുത്തി നവീകരിക്കാനും പ്രാഥമിക ധാരണയായി.

ഇത് സംബന്ധിച്ച് പ്രത്യേക യോഗം വിളിച്ച് ചേർക്കും. ആറളം ഫാമിലെ നാല് കുളങ്ങൾ എസ് ടി വകുപ്പുമായി ചേർന്ന് നവീകരിക്കാൻ ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ നിർദേശം നൽകി. ഇത് സംബന്ധിച്ച പട്ടിക, എസ്റ്റിമേറ്റ് എന്നിവ ഐ ടി ഡി പിയെ അറിയിക്കണം. കുടിവെള്ള ക്ഷാമം നേരിടുന്ന പട്ടികവർഗ കോളനികളിൽ കൂടുതൽ കുളങ്ങൾ കുഴിക്കാനുള്ള സാധ്യതകൾ ആരായും. അമൃത് മിഷൻ പദ്ധതിയിൽ ജലദൗർലഭ്യമുള്ള പ്രദേശങ്ങളിലെ കൂടുതൽ കുളങ്ങൾ ഉൾപ്പെടുത്തി നവീകരിക്കാൻ ഉദ്യോഗസ്ഥർ ശ്രദ്ധിക്കണമെന്നും കലക്ടറേറ്റിൽ ചേർന്ന അവലോകന യോഗത്തിൽ കലക്ടർ പറഞ്ഞു.