ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ ഭാഗികമായി തുറക്കും

post

എടക്കല്‍ ഗുഹ, കുറുവ ദ്വീപ്, കാന്തന്‍പാറ, വെള്ളച്ചാട്ടം ചീങ്ങേരി മല റോക്ക് അഡ്വഞ്ചര്‍ ടൂറിസം എന്നിവ ഒഴികെയുളള ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ കീഴിലുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ ഇന്ന് (വെള്ളി) മുതല്‍ തുറന്നു പ്രവര്‍ത്തിക്കും. കാരാപ്പുഴ മെഗാ ടൂറിസം പദ്ധതിയുടെ ഭാഗമായ കാരപ്പുഴ മെഗാ ടൂറിസം പാര്‍ക്കിലേക്കും മുത്തങ്ങ ഇക്കോ ടൂറിസം കേന്ദ്രത്തിലേക്കും സഞ്ചാരികളെ പ്രവേശിപ്പിക്കും.

കെ.എ.ടി.പി.എസ് അംഗീകാരമുള്ള മഡിബൂട്സ് എന്ന കമ്പനിയ്ക്ക് സഞ്ചാരികളുടെ പൂര്‍ണ്ണ സുരക്ഷിതത്വ ഉറപ്പാക്കി സിപ് ലൈന്‍ പ്രവര്‍ത്തിക്കാം. സഞ്ചാരികള്‍ക്ക് എതെങ്കിലും അപകടങ്ങള്‍ സംഭവിക്കുകയാണെങ്കില്‍ അതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം ബന്ധപ്പെട്ട കമ്പനിക്കായിരിക്കും.

മേപ്പാടി തൊള്ളായിരം കണ്ടി പ്രദേശമുള്‍പ്പെടെയുളള മലയോര പ്രദേശങ്ങളില്‍ വിനോദ സഞ്ചാരികള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് തുടരും. വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കുമ്പോള്‍ എല്ലാ മുന്‍കരുതലും സ്വീകരിക്കണമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍പേഴ്സണ്‍ കൂടിയായ ജില്ലാ കളക്ടര്‍ അറിയിച്ചു.