കളിച്ചുരസിക്കാന്‍ കളിമരവുമായി പിറയാര്‍ സര്‍ക്കാര്‍ എല്‍.പി സ്‌കൂള്‍

post

കുട്ടികള്‍ക്ക് കളിച്ചു രസിക്കാനും മാനസിക ശാരീരിക വികാസത്തിനുമായി സ്‌കൂള്‍ മുറ്റത്ത് കളിമരം എന്ന വേറിട്ട ആശയം നടപ്പാക്കി കിടങ്ങൂര്‍ പഞ്ചായത്തിലെ പിറയാര്‍ സര്‍ക്കാര്‍ എല്‍.പി സ്‌കൂള്‍. 12 അടി ഉയരത്തില്‍ കോണ്‍ക്രീറ്റില്‍ നിര്‍മിച്ച കളിമരത്തില്‍ അണ്ണാന്‍, വേഴാമ്പല്‍, പല്ലി, ഉടുമ്പ്, മൂങ്ങ, പാറ്റ, പുഴുക്കള്‍ എന്നിങ്ങനെ നിരവധി മൃഗങ്ങളുടെ രൂപങ്ങള്‍ നിര്‍മിച്ച് ചേര്‍ത്തിട്ടുണ്ട്.

മരത്തിന് ചുറ്റും വള്ളിപ്പടര്‍പ്പുകള്‍, ചിതല്‍പ്പുറ്റ് എന്നിവയുമുണ്ട്. കിളിമരത്തിനു ചുവട്ടിലുള്ള പൊത്തിലൂടെ മരത്തിനകത്തു കയറുന്നതിനും മരത്തിനകത്തുള്ള പടിക്കെട്ടിലൂടെ മുകളിലേക്ക് കയറുന്നതിനും ശിഖരങ്ങളില്‍ ഇരിക്കുന്നതിനും സൗകര്യമുണ്ട്. പ്രീപ്രൈമറി സ്‌കൂളിലെ തീം അടിസ്ഥാനമാക്കിയാണു നിര്‍മ്മാണം. കുട്ടികളുടെ കളിസ്ഥലം നവീകരിക്കുന്നതിനായി പ്രീപ്രൈമറി നോണ്‍ റക്കറിംഗ് പദ്ധതിയിലൂടെ എസ്.എസ്.എ യില്‍നിന്നു ധനസഹായം ലഭിച്ചപ്പോഴാണ് അധ്യാപകരിൽ ഇത്തരമൊരാശയം ഉടലെടുത്തതെന്ന് പ്രധാനധ്യാപിക എസ്. ശ്രീകല പറഞ്ഞു.

ബി.ആര്‍.സി അധ്യാപകനായ പി.എം. ദാസിന്റെ നേതൃത്വത്തിലാണ് കളിമരം നിര്‍മ്മിച്ചത്. എസ്.എസ്.എ.യില്‍നിന്നും ലഭിച്ച 40,000 രൂപയും വിവിധ ക്ലബ്ബുകളുടെ സഹായവും ഉള്‍പ്പെടെ 72,000 രൂപയാണ് നിര്‍മ്മാണച്ചിലവ്.