'ഒരു പഞ്ചായത്തില്‍ ഒരു കളിക്കളം പദ്ധതി': ഇരിമ്പിളിയം പഞ്ചായത്ത് സ്റ്റേഡിയം ഉള്‍പ്പെടുത്തി
സംസ്ഥാന കായിക യുവജന കാര്യ വകുപ്പിന്റെ 'ഒരു പഞ്ചായത്തില്‍ ഒരു കളിക്കളം' പദ്ധതിയില്‍ ഇരിമ്പിളിയം പഞ്ചായത്ത് സ്റ്റേഡിയം ഉള്‍പ്പെടുത്തിയതായി പ്രൊഫ. ആബിദ് ഹുസൈന് തങ്ങള്‍ എം.എല്‍.എ അറിയിച്ചു. എം.എല്‍.എ നല്കിയ ശുപാര്‍ശയിലാണ് കായിക വകുപ്പ് 2.59 ഏക്കര്‍ വിസ്തൃതിയുള്ള ഇരിമ്പിളിയം പഞ്ചായത്ത് സ്റ്റേഡിയം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയത്.
ഇതേതുടര്‍ന്ന് സ്പോര്‍ട്സ് കേരള ഫൗണ്ടേഷന്റെ എഞ്ചിനീയര്‍മാര്‍ പ്രസ്തുത സ്ഥലം സന്ദര്‍ശിക്കുകയും പ്രാഥമിക പരിശോധന നടത്തി റിപ്പോര്‍ട്ട് തയ്യാറാക്കുകയും ചെയ്തിരുന്നു. പദ്ധതിയുടെ സൂക്ഷ്മ പരിശോധന നടത്തി ഡി.പി.ആര് തയ്യാറാക്കുന്ന ചുമതല സ്പോര്‍ട്സ് കേരള ഫൗണ്ടേഷനാണ്. വിവിധ ജനപ്രതിനിധികളുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ കായിക യുവജന കാര്യ ഡയറക്ടര്‍ സമര്‍പ്പിച്ച പ്രാഥമിക കളിസ്ഥലങ്ങളുടെ ലിസ്റ്റ് അംഗീകരിച്ച് കായിക യുവജന കാര്യവകുപ്പ് ഉത്തരവിലാണ് ഇരിമ്പിളിയം പഞ്ചായത്തിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.