ലോക ഗജദിനം തേക്കടിയില്‍ കേന്ദ്ര വനം മന്ത്രി ഉദ്ഘാടനം ചെയ്തു

post

അഗസ്ത്യമലയില്‍ പുതിയ ആന സങ്കേതം സ്ഥാപിക്കും

സംരക്ഷിത വനമേഖലക്ക് ചുറ്റും ഒരു കിലോമീറ്റര്‍ ബഫര്‍ സോണ്‍ നിര്‍ണയിച്ച സുപ്രീംകോടതി ഉത്തരവുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാറും മന്ത്രാലയവും റിവ്യു പെറ്റീഷന്‍ നല്‍കുമെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഭൂപേന്ദര്‍ യാദവ്. ലോക ഗജ ദിനത്തോടനുബന്ധിച്ച ആഘോഷപരിപാടികള്‍ തേക്കടിയിലെ വനശ്രീ ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബഫര്‍ സോണ്‍ വിഷയത്തില്‍ പ്രത്യേകിച്ച് വിധിയിലെ സെക്ഷന്‍ 44 എ, ഇ എന്നിവ പുനഃപരിശോധിക്കാനാവശ്യപ്പെടും. വിധിയുമായി ബന്ധപ്പെട്ട് പൊതുജനാഭിപ്രായ ശേഖരണം സര്‍ക്കാര്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. വിഷയത്തില്‍ നിലവിലെ യഥാര്‍ത്ഥ സാഹചര്യങ്ങള്‍ പരമോന്നത കോടതിയെ ബോധ്യപ്പെടുത്താനാവുമെന്നാണ് പ്രതീഷിക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

കാര്‍ഷിക വിളകള്‍ നശിപ്പിക്കുന്ന കാട്ടുപന്നികളെ കൊല്ലുന്നതുമായി ബന്ധപ്പെട്ട വിഷയത്തിലും കേരളത്തിലെ ഒട്ടേറെ പേര്‍ സമീപിച്ചിരുന്നു. മനുഷ്യരും വന്യജീവികളും തമ്മിലെ സംഘര്‍ഷ വിഷയത്തില്‍ മന്ത്രാലയം 2021 ല്‍ തന്നെ ഒരു മാര്‍ഗ്ഗരേഖ പുറത്തിറക്കിയിട്ടുണ്ട്. ഈ പ്രശ്നത്തിന് പരിഹാരം കാണാന്‍ വന്യജീവി സംരക്ഷണ നിയമത്തിലെ സെക്ഷന്‍ 11 പ്രകാരം കേരളത്തിലെ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് അധികാരം നല്‍കിയിട്ടുണ്ട്. ഈ അധികാരം ഉപയോഗിച്ച് പരിഹാരം കാണുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പശ്ചിമഘട്ടത്തിലെ പരിസ്ഥിതി ലോല മേഖല സംബന്ധിച്ച വിഷയത്തില്‍ വനം വകുപ്പ് മുന്‍ ഡയറക്ടര്‍ ജനറല്‍ സഞ്ജയ് കുമാര്‍ ചെയര്‍മാനായി കേന്ദ്രം നിയോഗിച്ച സമിതി കസ്തൂരി രംഗന്‍-ഗാഡ് ഗില്‍ കമ്മറ്റി വിഷയത്തില്‍ സമഗ്രമായ സമീപനം സ്വീകരിക്കുമെന്നും ജനങ്ങളുടെ ആശങ്കകള്‍ക്ക് പരിഹാരം കാണുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. നാട്ടാനകളെ കേരളത്തില്‍ മതപരമായ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന വിഷയത്തില്‍ വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ മാര്‍ഗ നിര്‍ദേശങ്ങള്‍ക്കനുസൃതമായി നിലവിലെ ഉപയോഗം തുടരാമെന്നും മന്ത്രി പറഞ്ഞു.

ഇടുക്കി ജില്ലയുടെ ആവശ്യം പരിഗണിച്ച് കട്ടപ്പനയില്‍ 100 കിടക്കകളുടെ ഇ എസ് ഐ ആശുപത്രി ഉടനേ സ്ഥാപിക്കുമെന്നും മന്ത്രി പരിപാടിയില്‍ പ്രഖ്യാപിച്ചു. ഇ എസ് ഐ സി ബോര്‍ഡും മന്ത്രാലായും എല്ലാ സൗകര്യങ്ങളോടെയും കട്ടപ്പനയില്‍ ആശുപത്രി തുടങ്ങാന്‍ തീരുമാനമെടുത്തതായും ഭാവിയില്‍ ആയുഷ്മാന്‍ ഭാരത് യോജന ഗുണഭോക്താക്കള്‍ക്കും ആശുപത്രിയുടെ സേവനം ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു.

ആനയും-മനുഷ്യരും തമ്മിലുള്ള സംഘര്‍ഷം നിയന്ത്രിക്കുന്നതിലാണ് കേന്ദ്ര ഗവണ്‍മെന്റിന്റെ പ്രധാന ശ്രദ്ധയെന്നും മന്ത്രി ഭുപേന്ദ്ര യാദവ് പറഞ്ഞു. ആനകളുടെ ആക്രമണത്തില്‍ മരിച്ചവരുടെ കുടുംബങ്ങളെ സഹായിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സര്‍ക്കാര്‍ സഹായധനം 2 ലക്ഷം രൂപയില്‍ നിന്ന് 5 ലക്ഷം രൂപയായി ഉയര്‍ത്തി. ഇന്ത്യയിലെ ആന സംരക്ഷണത്തിന്റെ കാതല്‍ ജനങ്ങളുടെ ക്ഷേമമാണെന്ന് കേന്ദ്ര ഗവണ്‍മെന്റ് തിരിച്ചറിയുന്നു.

ആന-മനുഷ്യ സംഘര്‍ഷം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു. പ്രതിവര്‍ഷം ശരാശരി 500 പേര്‍ ആനകളുടെ ആക്രമണത്തില്‍ കൊല്ലപ്പെടുകയും, നൂറോളം ആനകള്‍ ആളുകളുടെ പ്രതികാരത്തില്‍ കൊല്ലപ്പെടുകയും ചെയ്യുന്നു എന്നത് വളരെ ദൗര്‍ഭാഗ്യകരമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. തമിഴ്‌നാട്ടിലെ അഗസ്ത്യമലയില്‍ പുതിയ ആനസങ്കേതം സ്ഥാപിക്കുമെന്നും കേന്ദ്ര മന്ത്രി അറിയിച്ചു.

ചടങ്ങില്‍ രാജ്യത്തെ ആനകളുടെ സംരക്ഷണം സംബന്ധിച്ച വീഡിയോ പ്രദര്‍ശനവും ഗജദിന പോസ്റ്റര്‍, പുസ്തക പ്രകാശനവും കേന്ദ്രമന്ത്രി ഭൂപെന്ദ്ര യാദവ് നിര്‍വഹിച്ചു.