ചന്തപ്പടിയിലെ പൊതുമരാമത്ത് വിശ്രമകേന്ദ്രം ഉദ്ഘാടനം 20ന്

post

അത്യാധുനിക സൗകര്യങ്ങളോടെ നിർമിച്ച പൊന്നാനി ചന്തപ്പടിയിലെ പൊതുമരാത്ത് വിശ്രമ മന്ദിരം ഓഗസറ്റ് 20ന് വൈകീട്ട് 5ന് പൊതുമരാമത്ത്, ടൂറിസം, യുവജനക്ഷേമ വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. പി നന്ദകുമാർ എം.എൽ.എ അധ്യക്ഷനാവും. സംസ്ഥാന സർക്കാറിന്റെ പൊതുമരാമത്ത് വിഭാഗത്തിന്റെ 3.8 കോടി രൂപ ചെലവഴിച്ചാണ് വിശ്രമ മന്ദിരത്തിന്റെ നിർമാണം. കെട്ടിടത്തിന്റെ ഫർണിഷിങ് ജോലികൾ ഉൾപ്പെടെ പൂർത്തീകരിച്ചുകഴിഞ്ഞു.

അരനൂറ്റാണ്ടിലേറെ പഴക്കമുള്ള ഓടിട്ട വിശ്രമ മന്ദിരം പൊളിച്ചുനീക്കിയാണ് കേരളീയ വാസ്തുശിൽപ മാതൃകയിലും ആധുനിക സംവിധാനങ്ങൾ ഏർപ്പെടുത്തി പുതിയ ഇരുനില കെട്ടിടം നിർമിച്ചത്. 8770 ചതുരശ്ര അടിയിൽ നിർമ്മിച്ച മന്ദിരത്തിൽ ആധുനിക രീതിയിലുള്ള മൂന്ന് സ്യൂട്ട് റൂമുകൾ, നാല് സാധാരണ മുറികൾ, അടുക്കള, ഡൈനിങ് ഹാൾ, ഓഫിസ്, കെയർ ടേക്കർ റൂം എന്നിവ ഉൾപ്പടെ ഇരുനിലകളിലായാണ് നിർമാണം. ഏഴു മുറികളും ശീതീകരിച്ച തരത്തിലാണ് സംവിധാനിച്ചിട്ടുള്ളത്.

കൂടാതെ നിലവിലെ പുതിയ കെട്ടിടത്തിന് മുകളിലായി 578 ചതുരശ്ര അടിയിൽ 45 ഓളം പേരെ ഉൾക്കൊള്ളാവുന്ന തരത്തിൽ കോൺഫറൻസ് ഹാൾ എന്നിവയും ഇതിനോടനുബന്ധിച്ചു നിർമിച്ചിട്ടുണ്ട്.