കൃഷിയിടങ്ങളില്‍ ട്രാക്ടര്‍ ഓടിക്കാന്‍ ഇനി വനിതകളും

post

മുളന്തുരുത്തി ഗ്രാമപഞ്ചായത്തില്‍ തുടക്കം

കൃഷിയിടങ്ങളില്‍ ട്രാക്ടര്‍ ഓടിച്ചു നിലമൊരുക്കാന്‍ തയ്യാറെടുത്ത് മുളന്തുരുത്തി ഗ്രാമപഞ്ചായത്തിലെ ഒരു കൂട്ടം വനിതകള്‍. കാര്‍ഷിക രംഗത്ത് സ്ത്രീകളുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കരിച്ച മഹിളാ കിസാന്‍ സശാക്തീകരണ്‍ പരിയോജനയുടെ ഭാഗമായിട്ടാണ് പഞ്ചായത്തിന് കീഴില്‍ വനിതകള്‍ക്ക് ട്രാക്ടര്‍ പരിശീലനം ആരംഭിച്ചത്. മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജു പി. നായര്‍ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു.

സ്ത്രീകള്‍ക്കു യന്ത്രവല്‍ക്കൃത കൃഷി രീതികളില്‍ പരിശീലനം നല്‍കി കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് പഞ്ചായത്തിനു കീഴില്‍ പദ്ധതി നടപ്പിലാക്കുന്നത്. 8 ദിവസമാണ് വനിതകള്‍ക്ക് ട്രാക്ടര്‍ പരിശീലനം നല്‍കുന്നത്. വിദഗ്ധ പരിശീലകരായ എം.വി വത്സന്‍, പി.എം വിജയന്‍ എന്നിവരുടെ നേതൃത്വത്തിലാണു പരിശീലനം.