കേരളം ജനകീയ വിദ്യാഭ്യാസത്തിന്റെ മാതൃകയായി മാറുന്നു : മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ്

post

മണക്കാട് കാര്‍ത്തിക തിരുനാള്‍ ഗവ. ഗേള്‍സ് വൊക്കേഷണല്‍ ആന്റ് ഹയര്‍ സെക്കന്ററി സ്‌കൂളിന് ഹൈടെക് മന്ദിരം  പൊതുവിദ്യാഭ്യാസ മന്ത്രി ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം: തലസ്ഥാന നഗരിയിലെ പ്രമുഖ സ്‌കൂളായ മണക്കാട് കാര്‍ത്തിക തിരുനാള്‍ ഗവ. ഗേള്‍സ് വൊക്കേഷണല്‍ ആന്റ് ഹയര്‍ സെക്കന്ററി സ്‌കൂളിന് കൂടുതല്‍ പ്രൗഢിയേകി പുതിയ ഹൈടെക് മന്ദിരം. അന്താരാഷ്ട്ര നിലവാരത്തിലേക്കുയര്‍ത്തുന്നതിന് തിരുവനന്തപുരം നിയോജക മണ്ഡലത്തില്‍ നിന്ന് തെരഞ്ഞെടുത്ത സ്‌കൂളില്‍ അത്യാധുനിക സൗകര്യങ്ങളോടെ നിര്‍മ്മിച്ച ബഹുനില മന്ദിരം പൊതുവിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. കേരളം ജനകീയ വിദ്യാഭ്യാസത്തിന്റെ മാതൃകയായി മാറുന്നുവെന്നും എല്ലാ സ്‌കൂളുകളിലും വികസനത്തിനായുള്ള മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുമെന്നും മന്ത്രി പറഞ്ഞു. അടുത്ത അധ്യയന വര്‍ഷം കേരളത്തിന്റെ വിദ്യാഭ്യാസ രംഗത്ത് സുവര്‍ണ വര്‍ഷമാണ്. ഒന്നു മുതല്‍ പ്ലസ് ടു വരെയുള്ള ക്ലാസുകളെല്ലാം ഹൈടെക് ആകും. ഓരോ കുട്ടിക്കും വ്യക്തിഗതമായ അക്കാദമിക് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കും. ക്ലാസ് മുറികളില്‍ ലൈബ്രറി സജ്ജമാക്കും. ക്ലാസ് മുറിയുടെ നാല് ചുവരുകള്‍ക്കുള്ളില്‍ അറിവിന്റെ സമൃദ്ധി കുട്ടികള്‍ക്ക് ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.
കിഫ്ബി ഫണ്ടില്‍ നിന്ന് അനുവദിച്ച അഞ്ച് കോടി രൂപയും വി.എസ്. ശിവകുമാര്‍ എം. എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും രണ്ട് കോടി എട്ട് ലക്ഷം രൂപയും വിനിയോഗിച്ചാണ് ബഹുനില മന്ദിരം നിര്‍മ്മിച്ചത്. 32 ക്ലാസ് മുറികള്‍, സയന്‍സ്, കമ്പ്യൂട്ടര്‍ ലാബുകള്‍, ഓഫീസ് മുറികള്‍, അടുക്കള, 500 പേര്‍ക്ക് ഒന്നിച്ചിരുന്ന് കഴിക്കാന്‍ സൗകര്യമുള്ള ഡൈനിംഗ് ഹാള്‍, 34 ആധുനിക ശുചിമുറികള്‍, ഒരു ലക്ഷം ലിറ്റര്‍ ജലസംഭരണി, വിശാലമായ ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയം എന്നിവ കെട്ടിടത്തില്‍ ഉള്‍പ്പെടുന്നു. സയന്‍സ് കമ്പ്യൂട്ടര്‍ ലാബുകളുടെ ഉദ്ഘാടനവും നടന്നു.
വി.എസ്. ശിവകുമാര്‍ എം.എല്‍.എ. അധ്യക്ഷത വഹിച്ചു. മൂവായിരത്തിലധികം പെണ്‍കുട്ടികള്‍ പഠിക്കുന്ന സ്‌കൂള്‍ കേരളത്തിന്റെ വിദ്യാഭ്യാസ സാംസ്‌കാരിക മേഖലയില്‍ നിര്‍ണായകമായ സ്വാധീനമാണ് ചെലുത്തിയതെന്ന് എം.എല്‍.എ. പറഞ്ഞു. മേയര്‍ കെ. ശ്രീകുമാര്‍ മുഖ്യാതിഥിയായി. പ്രിന്‍സിപ്പല്‍ എസ്.അജിത്കുമാര്‍, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോര്‍ഡിനേറ്റര്‍ എസ്. ജവാദ്, നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സി.സുദര്‍ശനന്‍, മരാമത്ത് വകുപ്പ് കമ്മിറ്റി ചെയര്‍പെഴ്‌സണ്‍ എസ്.പുഷ്പലത, ടാക്‌സ് അപ്പീല്‍ കമ്മിറ്റി ചെയര്‍പെഴ്‌സണ്‍ സിമി ജ്യോതിഷ്, വാര്‍ഡ് കൗണ്‍സിലര്‍മാരായ ആര്‍.മിനി, റസിയ ബീഗം, വി.ഗിരി, സ്‌കൂള്‍ വികസന സമിതി വര്‍ക്കിംഗ് ചെയര്‍മാന്‍ എസ്.എ. സുന്ദര്‍, പി.ടി.എ. പ്രസിഡന്റ് എം. മണികണ്ഠന്‍, കെ.വിജയകുമാരി, എ.നജീബ്, ഷൈലജാബായ്, എ.എം. മിഖ്ദാദ്, വി.എച്ച്.എസ്.ഇ. പ്രിന്‍സിപ്പല്‍ ജോട്ടില ജോയ്‌സ്, വൈസ് പ്രിന്‍സിപ്പല്‍ എന്‍. വിനിതകുമാരി തുടങ്ങിയവര്‍ സംബന്ധിച്ചു.