മാലിന്യസംസ്കരണത്തിന് ഡിജിറ്റൽ കരുത്ത്

post

ഗുരുവായൂരിൽ ഹരിതമിത്രം ഗാർബേജ് ആപ്പ് പദ്ധതിക്ക് തുടക്കം

ശുചിത്വ നഗരം ശുദ്ധിയുള്ള ഗുരുവായൂർ എന്ന ക്യാമ്പയിന്റെ ഭാഗമായി ഹരിതമിത്രം ഗാർബേജ് ആപ്പ് പ്രാവർത്തികമാക്കി ഗുരുവായൂർ നഗരസഭ. മാലിന്യസംസ്കരണ പ്രവർത്തനങ്ങൾ, അവയുടെ ഭൗതിക - സാമ്പത്തിക പുരോഗതി, പൊതുജനങ്ങൾക്കുളള പരാതി പരിഹാര സെൽ തുടങ്ങിയ അടിസ്ഥാന ഘടകങ്ങൾ ഉൾപ്പെടുത്തി മാലിന്യ സംസ്കരണ മേഖലയിലെ അജൈവ മാലിന്യ ശേഖരണവും സംസ്ക്കരണ പ്രവർത്തനങ്ങളും ഡിജിറ്റലൈസ് ചെയ്യുന്ന പദ്ധതിയാണ് ഹരിതമിത്രം ആപ്പ്.

മാലിന്യങ്ങൾ ശേഖരിക്കുന്ന സ്ഥലങ്ങളിൽ ക്യൂആർ കോഡ് പതിപ്പിച്ച് മാലിന്യശേഖരണം കൂടുതൽ കാര്യക്ഷമമാക്കാൻ ഹരിതകർമ്മ സേനാംഗങ്ങൾക്ക് കഴിയും. മാലിന്യശേഖരത്തിന്റെ അളവ്, ശേഖരിച്ച ദിവസം, അടച്ച തുക എന്നിവ ഹരിത കർമ്മ സേനാംഗങ്ങൾക്കും നഗരസഭയിലെ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർക്കും ഇതിലൂടെ അറിയാനാകും. പദ്ധതിയുടെ മുനിസിപ്പൽതല ഉദ്ഘാടനം വാർഡ് 17ൽ നഗരസഭ ചെയർമാൻ എം കൃഷ്ണദാസ് നിർവഹിച്ചു.