സപ്ലൈകോ ഓണം ഫെയർ തുടങ്ങി

post

സപ്ലൈകോ ഓണം ഫെയറിന്റെ ജില്ലാ തല ഉദ്ഘാടനം നെടുംകണ്ടത്ത് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിച്ചു. സംസ്ഥാനത്തെ സുസ്ഥിര ഭക്ഷ്യഭദ്രതയ്ക്ക് സപ്ലൈക്കോ നടത്തുന്ന ഏറ്റവും ശ്രദ്ധേയമായ പ്രവർത്തനമാണ് ഓണം ഫെയറെന്ന് മന്ത്രി പറഞ്ഞു. ഗുണനിലവാരമുള്ള ഉൽപ്പന്നങ്ങൾ മിതമായ വിലയിൽ ജനങ്ങളിലേയ്ക്ക് എത്തിയ്ക്കുന്നതിനായി ശ്രമകരമായ പ്രവർത്തനമാണ് സപ്ലൈകോ കേരളത്തിലുടനീളം നടത്തിവരുന്നത്.


പ്രളയവും കോവിഡ് മഹാമാരിയും മൂലം കഴിഞ്ഞ മൂന്ന് വർഷങ്ങളായി ഓണം അതിന്റെ പൂർണതയിൽ ആഘോഷിക്കാൻ മലയാളികൾക്ക് സാധിച്ചിരുന്നില്ല. കോവിഡ് തീവ്രത കുറഞ്ഞതിന്റെ പശ്ചാത്തലത്തിൽ ഇത്തവണ സർക്കാർ തലത്തിൽ വിവിധ ആഘോഷ പരിപാടികൾക്കാണ് രൂപം നൽകിയിരിക്കുന്നത്. ജാതി മത വർഗ വ്യത്യാസങ്ങൾക്ക് അപ്പുറത്ത് സമത്വ സുന്ദരമായ കേരളത്തിൽ ആഘോഷങ്ങൾക്കായി ഒരുമിച്ച് ചേരാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സപ്ലൈക്കോ ഒരുക്കിയിരിക്കുന്ന 'സമൃദ്ധി' സ്‌പെഷ്യൽ ഓണക്കിറ്റിന്റെ ആദ്യ വിതരണവും മന്ത്രി ചടങ്ങിൽ നടത്തി. 17 ഇനങ്ങൾ അടങ്ങിയതാണ് സമൃദ്ധി കിറ്റ്. 1000 രൂപ വിലവരുന്ന കിറ്റ് 900 രൂപയ്ക്കാണ് സപ്ലൈകോ വിപണനശാലകൾ വഴി ജനങ്ങൾക്ക്‌ നൽകുന്നത്. സപ്ലൈകോ ഉല്‍പ്പന്നങ്ങള്‍ക്ക് പുറമെ കുടുംബശ്രീ ഉൽപ്പന്നങ്ങളുടെയും മില്‍മയുടെയും സ്റ്റാളുകള്‍, പച്ചക്കറി സ്റ്റാള്‍ എന്നിവയും ഓണം ഫെയറില്‍ സജ്ജീകരിച്ചിട്ടുണ്ട്.

സെപ്റ്റംബര്‍ ഏഴ് വരെ നെടുങ്കണ്ടം പടിഞ്ഞാറേക്കവല പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിന് സമീപമുള്ള മഠത്താമുറി ബില്‍ഡിങ്ങിലാണ് ഫെയര്‍ സംഘടിപ്പിക്കുന്നത്. ജില്ലാതല ഫെയറിനോട് ഒപ്പം തന്നെ ഇടുക്കിയിൽ 5 നിയോജക മണ്ഡലങ്ങളിലും ഓണം ഫെയറുകൾ സംഘടിപ്പിച്ചിട്ടുണ്ട്.