കേരള ദിനേശ് ബീഡി തൊഴിലാളി സംഘങ്ങള്‍ തൊഴില്‍ വൈവിധ്യവത്കരണത്തിന്റെ പാതയിലേക്ക് മാറണം

post

കാസര്‍ഗോഡ് : കേരള ദിനേശ് ബീഡി തൊഴിലാളി സംഘങ്ങള്‍ തൊഴില്‍ വൈവിധ്യവത്കരണത്തിന്റെ പാതയിലേക്ക് മാറണമെന്ന് തൊഴില്‍ മന്ത്രി  ടി  പി രാമകൃഷ്ണന്‍. നീലേശ്വരം വള്ളിക്കുന്ന് താലൂക്ക് ആശുപത്രിക്ക് സമീപം കഫെ ദിനേശ് റെസ്റ്റാറന്റ് ആന്റ് കാറ്ററിങ് യൂണിറ്റ്  ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബീഡി തൊഴില്‍ മേഖലയില്‍, തൊഴില്‍ അവസരങ്ങള്‍ കുറഞ്ഞുകൊണ്ടിരിക്കുന്നതിനാല്‍ ഈ രംഗത്തെ തൊഴിലാളികള്‍ തൊഴില്‍ മേഖലയിലെ  വൈവിധ്യവത്കരണത്തിന് ഊന്നല്‍ നല്‍കണം. എന്നും തൊഴിലാളികള്‍ക്കൊപ്പം നില്‍ക്കുന്ന നിലപാടാണ് ഈ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്. ഇന്ത്യയില്‍ തന്നെ ബീഡി തൊഴിലാളികള്‍ക്ക് ഏറ്റവും ഉയര്‍ന്ന കൂലി നല്‍കുന്ന സംസ്ഥാനം കേരളമാണ്. സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച 25 രൂപയ്ക്ക് ഭക്ഷണം ലഭ്യമാക്കുന്ന കുടുംബശ്രീയുടെ ചുമതലയില്‍ ആരംഭിക്കുന്ന ഹോട്ടലുകള്‍ പോലുള്ള സംരംഭങ്ങള്‍ കേരള ദിനേശ് ബീഡി തൊഴിലാളി സംഘങ്ങള്‍ക്കും തുടങ്ങാവുന്നതാണ്. പാതയോരങ്ങളില്‍ ആരംഭിക്കുന്ന 12000 ജോടി ശുചീമുറിയുടെ പരിസര പ്രദേശങ്ങളില്‍ പെട്ടികട പോലുള്ള സംരംഭങ്ങള്‍ ആരംഭിക്കാവുന്നതിനെക്കുറിച്ചും കേരള ദിനേശ് ബീഡി തൊഴിലാളി സംഘങ്ങള്‍ ആലോചിക്കണം. പ്രധാന നഗരങ്ങളില്‍ സ്ത്രീകള്‍ക്ക് രാത്രികാല താമസം സൗകര്യവും ഭക്ഷണവും നല്‍കുന്നതിനെകുറിച്ചും ഇത്തരം സംഘങ്ങള്‍ ആലോചിക്കണം. കാര്‍ഷിക മേഖലയില്‍ വന്‍ അവസരങ്ങളാണ് ഇന്ന് ഉള്ളത്. ഒരു ഹെക്ടറില്‍ കൃഷി ചെയ്യുന്നവര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ 30,000 രൂപ നല്‍കുന്നുണ്ട്. കാര്‍ഷികവൃത്തിയിലൂടെ ലഭിക്കുന്ന ഉത്പന്നങ്ങള്‍ ഉപയോഗിച്ച് മൂല്യവര്‍ദ്ധിത ഉത്പന്നങ്ങള്‍ വികസിക്കാനും സാധിക്കും. ഇതെല്ലാം വന്‍തൊഴില്‍ സാധ്യതകളാണ് തുറന്നിടുന്നത്. സംസ്ഥാന സര്‍ക്കാറിന്റെ തൊഴില്‍ നയത്തില്‍ വ്യക്തമാക്കിയിട്ടുള്ളതാണ് കുറഞ്ഞ വേതനം 600 രൂപയായി പടിപടിയായി ഉയര്‍ത്തുമെന്ന്. നിലവില്‍ 83 മേഖലകളില്‍ കുറഞ്ഞ വേതനം ബാധമാക്കിയിട്ടുണ്ട്. ഇതില്‍ 44 മേഖലകളില്‍ മിനിമം വേതനം പുതുക്കി നിശ്ചയിച്ചിട്ടുമുണ്ടെന്ന് മന്ത്രി പറഞ്ഞു. കഫെ ദിനേശ് പോലുള്ള സംരംഭങ്ങള്‍ മാതൃകപരമാണ്. ഇത്തരം സംരംഭങ്ങള്‍ കൂടുതല്‍ പേര്‍ക്ക് ഊര്‍ജ്ജം പകരുമെന്ന് മന്ത്രി പറഞ്ഞു. ബീഡിചുരുട്ട് തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ കെ ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. മന്ത്രിയില്‍ നിന്നും ആദ്യ കാറ്ററിങ് ഓര്‍ഡര്‍ കെ പി ദേവകി സ്വീകരിച്ചു. ആദ്യ വില്‍പന മുന്‍ എം എല്‍ എ. കെ പി  സതീഷ് ചന്ദ്രന്‍ നിര്‍വഹിച്ചു. കേന്ദ്ര സഹകരണ സംഘം കേരള ദിനേശ് ബീഡി ചെയര്‍മാന്‍ സി രാജന്‍ ആമുഖ പ്രഭാഷണം നടത്തി. നീലേശ്വരം നഗരസഭാ ചെയര്‍മാന്‍ പ്രൊ. കെ പി ജയരാജന്‍, ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ സി ഒ രഞ്ജിത്ത്, കേന്ദ്ര സഹകരണ സംഘം കേരള ദിനേശ് ബീഡി  സെക്രട്ടറി കെ പ്രഭാകരന്‍, വാര്‍ഡ് കൗണ്‍സിലര്‍ സി സി കുഞ്ഞിക്കണ്ണന്‍, ടികെ രവി, എം അസൈനാര്‍, വെങ്ങാട്ട് കുഞ്ഞിരാമന്‍, ഇബ്രാഹിം പറമ്പത്ത്, റസാക്ക് പുഴക്കര, സുരേഷ് പുതിയടത്ത്, കൈപ്രത്ത് കൃഷ്ണന്‍ നമ്പ്യാര്‍,ജോണ്‍ ഐമണ്‍, പി കമലാക്ഷന്‍, കെ.എം ശ്രീധരന്‍, കെ രഘു എന്നിവര്‍ സംസാരിച്ചു. സംഘം പ്രസിഡണ്ട് കെ രാഘവന്‍ സ്വാഗതവും നീലേശ്വരം പ്രെമറി സംഘം സെക്രട്ടറി ടി ജി ഉണ്ണികൃഷ്ണന്‍ നന്ദിയും പറഞ്ഞു.