ഹോര്‍ട്ടികോര്‍പ്പ് മൊബൈല്‍ ഓണചന്ത തുടങ്ങി

post

ഓണത്തോടനുബന്ധിച്ച് ഹോര്‍ട്ടികോര്‍പ്പിന്റെ സഞ്ചരിക്കുന്ന മൊബൈല്‍ ഓണചന്തയ്ക്ക് മൂന്നാറില്‍ തുടക്കമായി. ഓണക്കാലത്ത് ജനങ്ങളിലേക്ക് ഗുണമേന്മയുള്ള പച്ചക്കറികളും മറ്റും എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സഞ്ചരിക്കുന്ന ഓണചന്തയ്ക്ക് തുടക്കം കുറിച്ചത്. വെയര്‍ ഹൗസിംഗ് കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ പി. മുത്തുപാണ്ടി മൊബൈല്‍ ഓണചന്തയുടെ ഫ്ളാഗ് ഓഫ് നിര്‍വ്വഹിച്ചു. ഒന്നു മുതല്‍ ഏഴു വരെ ഓണചന്ത ഓരോ ദിവസങ്ങളില്‍ ഓരോ കേന്ദ്രങ്ങളില്‍ മൊബൈല്‍ ഓണചന്ത എത്തുമെന്ന് ഹോര്‍ട്ടി കോര്‍പ്പ് മാനേജര്‍ പമീല വിമല്‍കുമാര്‍ പറഞ്ഞു.

കര്‍ഷകരില്‍ നിന്ന് സംഭരിച്ച നാടന്‍ പച്ചക്കറികള്‍ക്ക് പുറമെ മറയൂര്‍ ശര്‍ക്കര, കേരഫെഡിന്റെ വെള്ളിച്ചെണ്ണ, മില്‍മ നെയ്യ് തുടങ്ങിയ ഉത്പന്നങ്ങള്‍ സഞ്ചരിക്കുന്ന ഓണചന്ത വഴി ലഭിക്കും. ആനച്ചാല്‍, അടിമാലി, രാജാക്കാട്, കുഞ്ചിത്തണ്ണി, ബൈസണ്‍വാലി, മുരിക്കാശ്ശേരി, കഞ്ഞിക്കുഴി, പൂപ്പാറ, മറയൂര്‍, മാട്ടുപ്പെട്ടി, വട്ടവട തുടങ്ങിയ ഇടങ്ങളിലൊക്കെയും വരും ദിവസങ്ങളില്‍ മൊബൈല്‍ ഓണചന്ത എത്തും.