ഹൈറേഞ്ച് സര്‍ക്കിള്‍ ഫയല്‍ തീര്‍പ്പാക്കല്‍ ഉദ്ഘാടനം ചെയ്തു

post

വനം -വന്യജീവി വകുപ്പിന്റെ ഹൈറേഞ്ച് സര്‍ക്കിള്‍ ഫയല്‍ തീര്‍പ്പാക്കല്‍ അദാലത്ത് തൊടുപുഴ മുന്‍സിപ്പല്‍ ടൗണ്‍ ഹാളില്‍ വനം-വന്യജീവി വകുപ്പുമന്ത്രി എ.കെ. ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. വനം-വന്യജീവി സംരക്ഷണം ആത്യന്തികമായി മനുഷ്യരാശിയുടെ നിലനില്‍പ്പിനും വരുംതലമുറക്കും വേണ്ടിയാണ്. വന്യജീവികളുടെ എണ്ണം വര്‍ധിക്കുന്നതും വനംകൊള്ള കുറയുന്നതും ഉദ്യോഗസ്ഥര്‍ ജോലി കൃത്യമായി നിര്‍വഹിക്കുന്നതു കൊണ്ടാണ്. വനം വകുപ്പിന്റെ ജനവിരുദ്ധ മുഖം മാറ്റി ജന സൗഹൃദമാക്കി മാറ്റാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് അദാലത്തുകള്‍ സംഘടിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

പൊതുജനങ്ങളോട് ഉദ്യോഗസ്ഥര്‍ സൗഹാര്‍ദ്ദ പരമായി പെരുമാറണമെന്നും നിയമത്തോട് പ്രതിബദ്ധത കാണിക്കുന്നതിനോടൊപ്പം പൊതുജനങ്ങളോടും പ്രതിബദ്ധത ഉണ്ടാവണമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന വനം-വന്യജീവി വകുപ്പിന്റെ ഫയല്‍ തീര്‍പ്പാക്കല്‍ യജ്ഞത്തോടനുബന്ധിച്ചാണ് സര്‍ക്കിള്‍ തല അദാലത്തുകള്‍ നടത്തുന്നത്. പൊതുജനങ്ങളുമായി ബന്ധപ്പെട്ട നിലവിലുള്ള ഫയലുകളില്‍ പരമാവധി എണ്ണത്തില്‍ തീര്‍പ്പ് കല്‍പ്പിക്കുക എന്നതാണ് അദാലത്തിന്റെ പ്രധാന ലക്ഷ്യം.

റേഞ്ച്, ഡിവിഷന്‍, സര്‍ക്കിള്‍ തലങ്ങളില്‍ ഫയല്‍ പരിശോധിച്ച് അര്‍ഹത നിശ്ചയിച്ച് അത്തരം ഫയലുകള്‍ അദാലത്തില്‍ വച്ച് അന്തിമ തീര്‍പ്പ് കല്‍പ്പിക്കുകയും അര്‍ഹരായവര്‍ക്കുള്ള ആനുകൂല്യങ്ങള്‍ നല്‍കുകയും ചെയ്തു. സംസ്ഥാനത്തെ എല്ലാ വകുപ്പുകളും ഫയല്‍ തീര്‍പ്പാക്കല്‍ തീവ്രയജ്ഞ പരിപാടി സംഘടിപ്പിക്കാന്‍ ജൂണ്‍ രണ്ടിന് ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നു. ഇതനുസരിച്ച് പൊതുജനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പ്രത്യേകം പരിശോധിച്ച് തീര്‍പ്പാക്കാന്‍ വനം മന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തില്‍ തീരുമാനിച്ചു.

ഇത്തരത്തിലെ ആദ്യ അദാലത്ത് ആഗസ്റ്റ് 11ന് കോഴിക്കോട് നടത്തി. ഹൈറേഞ്ച് സര്‍ക്കിള്‍, വന്യജീവി സര്‍ക്കിള്‍ കോട്ടയം എന്നിവയുടെ പരിധിയില്‍ ഉള്‍പ്പെടുന്ന ഓഫീസുകളെ ഉള്‍ക്കൊള്ളിച്ചാണ് തൊടുപുഴയില്‍ അദാലത്ത് നടത്തിയത്. സെപ്തംബര്‍ 30 വരെയാണ് ഫയല്‍ തീര്‍പ്പാക്കല്‍ തീവ്രയജ്ഞ പരിപാടി നിശ്ചയിച്ചിട്ടുള്ളത്.