ഓണം കൊണ്ടാടാൻ നെടുമങ്ങാടും റെഡി

post

ആസിഫ് അലി മുഖ്യാതിഥി

ഉത്സവമേളവും ആഘോഷ പെരുമയുമായി ഓണത്തെ വരവേൽക്കാൻ നെടുമങ്ങാടും തയ്യാർ. വിനോദസഞ്ചാര വകുപ്പും നെടുമങ്ങാട് നഗരസഭയും സംയുക്തമായി സംഘടിപ്പിക്കുന്ന 'ഓണോത്സവം 2022'ന് തുടക്കമായി. മേളയുടെ ഭാഗമായ സാംസ്‌കാരിക സമ്മേളനം ഭക്ഷ്യ പൊതു വിതരണ വകുപ്പ് മന്ത്രി ജി. ആർ. അനിൽ സെപ്റ്റംബർ 7ന് ഉദ്ഘാടനം ചെയ്യും. ചലച്ചിത്ര താരം ആസിഫ് അലി മുഖ്യാതിഥിയാകും.

നെടുമങ്ങാട് കല്ലിംഗൽ ഗ്രൗണ്ടിൽ നടക്കുന്ന മേളയിൽ സർക്കാർ- അർദ്ധ സർക്കാർ വകുപ്പുകളുടേയും നെടുമങ്ങാട് മുനിസിപ്പാലിറ്റിയുടേയും പ്രദർശന- വിപണന സ്റ്റാളുകൾ ഒരുക്കിയിട്ടുണ്ട്. കളരിപ്പയറ്റ് ഉൾപ്പെടെയുള്ള വിവിധ നാടൻ കലാരൂപങ്ങൾ, സ്‌കൂൾ- കോളേജ് വിദ്യാർത്ഥികൾക്കുള്ള കലാകായിക മത്സരങ്ങൾ, അത്തപ്പൂക്കളമത്സരം, തിരുവാതിരകളി മത്സരം, സംഗീത - നൃത്ത പരിപാടികൾ എന്നിവയും മേളയിൽ അരങ്ങേറും. നെടുമങ്ങാടിന്റെ രാവുകളിൽ നക്ഷത്രശോഭ തീർക്കാൻ വ്യാപാരി വ്യവസായികളും സർക്കാർ സ്ഥാപനങ്ങളും ഒരുക്കുന്ന വൈദ്യുത ദീപാലങ്കാരവുമുണ്ട്.

സെപ്തംബർ 11ന് നടക്കുന്ന വർണ്ണാഭമായ ഘോഷയാത്രയോടെ ഓണാഘോഷ പരിപാടികൾ സമാപിക്കും. നെടുമങ്ങാട് മുൻസിപ്പാലിറ്റി പരിസരത്തുനിന്ന് ആരംഭിക്കുന്ന ഘോഷയാത്ര മാർക്കറ്റ് ജംഗ്ഷൻ, സൂര്യ തിയേറ്റർ റോഡു വഴി കച്ചേരിനടയിൽ സമാപിക്കും. തെയ്യം, ശിങ്കാരിമേളം, ചെണ്ടമേളം, പഞ്ചവാദ്യം, വിവിധ കലാരൂപങ്ങൾ, എൻ.സി.സി, എൻ.എസ്.എസ്, എസ്.പി.സി കേഡറ്റ്‌സ്, സ്‌കൂൾ- കോളേജ് വിദ്യാർത്ഥികൾ, ആശാ വർക്കർമാൻ, അംഗനവാടി ജീവനക്കാർ, കുടുംബശ്രീ പ്രവർത്തകർ എന്നിവരും പങ്കെടുക്കും.