ദേവികുളം മണ്ഡലത്തിലെ ഓണം ടൂറിസം വാരാഘോഷം സമാപിച്ചു

post

മൂന്നാർ ഗ്രാമപഞ്ചായത്തും ഡി.ടി.പി.സി.യും ചേര്‍ന്ന് ദേവികുളം നിയോജക മണ്ഡലത്തില്‍ നടത്തി വന്ന ഓണം ടൂറിസം വാരാഘോഷ പരിപാടികൾ സമാപിച്ചു. സമാപനത്തോടനുബന്ധിച്ച്ഘോഷയാത്രയും പൊതുസമ്മേളനവും നടന്നു. പഴയ മൂന്നാർ ഡി.ടി.പി.സി. ജംഗ്ഷനിൽ നിന്നാരംഭിച്ച ഘോഷയാത്ര മൂന്നാർ ടൗണിൽ സമാപിച്ചു.

പുലികളി, ചെണ്ടമേളം, കഥകളി, തെയ്യം, നിശ്ചലദൃശ്യങ്ങൾ, വാദ്യമേളങ്ങൾ എന്നിവ അണിനിരന്ന ഘോഷയാത്ര വർണ്ണാഭമായി. തുടർന്ന് നടന്ന പൊതുസമ്മേളനം അഡ്വ. എ. രാജ എം. എൽ. എ. ഓൺലൈനായി ഉദ്ഘാടനം ചെയ്തു. ഈ മാസം ആറിനാണ് മൂന്നാറിൽ ഓണം ടൂറിസം വാരാഘോഷത്തിന്‍റെ ഭാഗമായ വിവിധ മത്സരങ്ങൾക്ക് തുടക്കം കുറിച്ചത്. പൂക്കള മത്സരം, ടാബ്ലോ, വിവിധ കലാ കായിക മത്സരങ്ങൾ, വടംവലി മത്സരം, വാഴയിൽ കയറ്റ മത്സരം തുടങ്ങിയവ ആഘോഷ പരിപാടികളുടെ ഭാഗമായി സംഘടിപ്പിച്ചിരുന്നു.

വടംവലി മത്സരത്തില്‍ പുരുഷ വിഭാഗത്തിൽ ഹെഡ് ലോഡ് വർക്കേഴ്സും വനിതാ വിഭാഗത്തിൽ റീ സിറ്റിയും വിജയികളായി. പൊതു സമ്മേളനത്തിൽ വിജയികൾക്കുള്ള ഉപഹാരങ്ങൾ സമ്മാനിച്ചു.

വ്യാപാരി വ്യവസായി ഏകോപന സമിതി, വ്യാപാരി വ്യവസായി സമിതി, ലയൺസ് ക്ലബ്ബ് മൂന്നാർ, ഹോട്ടൽ ആൻഡ് റസ്റ്റോറന്‍റ് അസോസിയേഷൻ, ഷോക്കെയ്സ് മൂന്നാർ, മൂന്നാർ ടാക്സിഡ്രൈവേഴ്സ് അസോസിയേഷൻ തുടങ്ങിയവയുടെ സഹകരണത്തോടെയാണ് ഓണം ടൂറിസം വാരാഘോഷം സംഘടിപ്പിച്ചത്. ആഘോഷ പരിപാടികളുടെ ഭാഗമായി കുറിഞ്ഞി റെസിഡൻസ്  അസോസിയേഷൻ്റെ നേതൃത്വത്തിൽ പായസ വിതരണവും നടത്തി.