നവീകരിച്ച പ്ലാച്ചേരി-പൊൻകുന്നം പാത നാടിനു സമർപ്പിച്ചു

post




പരിപാലനകാലാവധിയെക്കുറിച്ച് എല്ലാവരും അറിയണം: മന്ത്രി എ.പി. മുഹമ്മദ് റിയാസ്

- നെടുമൺ-കുളത്തൂർ, കാനം-പത്തനാട് റോഡുകളുടെ നിർമാണം ആരംഭിച്ചു

കോട്ടയം: പൊതുമരാമത്ത് റോഡ്-പാലം-കെട്ടിട നിർമാണത്തിന് പരിപാലന കാലാവധിയുണ്ടെന്ന വിവരം എല്ലാവരും അറിഞ്ഞിരിക്കണമെന്ന് പൊതുമരാമത്ത്-ടൂറിസം വകുപ്പു മന്ത്രി എ.പി. മുഹമ്മദ് റിയാസ്. 248.62 കോടി രൂപ ചെലവിൽ നവീകരിച്ച പ്ലാച്ചേരി-പൊൻകുന്നം പാതയുടെ ഉദ്ഘാടനം പൊൻകുന്നം രാജേന്ദ്ര മൈതാനിയിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി.

പൊതുമരാമത്തു വകുപ്പിന്റെ റോഡ്-പാലം-കെട്ടിടം നിർമാണം കഴിഞ്ഞാലുടൻ നിശ്ചിതകാലം പരിപാലന കാലാവധിയുണ്ട്. പരിപാലനകാലാവധിയിൽ അറ്റകുറ്റപ്പണിയുടെ ബാധ്യത നിർമിച്ച കരാറുകാരനാണ്. സാധാരണ ബി.എം. ആൻഡ് ബി.സി. റോഡുകൾക്ക് രണ്ടുവർഷവും ബി.എം. ആൻഡ് ബി.സി. ഇപ്രൂവ്‌മെന്റ് റോഡുകൾക്ക് മൂന്നു വർഷവും പാലങ്ങൾക്കും കെട്ടിടങ്ങൾക്കും അഞ്ചുവർഷവുമാണ് പരിപാലന കാലാവധി. പക്ഷേ ഇക്കാര്യം ഭൂരിഭാഗം പേർക്കും അറിയില്ല. ഇത് ജനങ്ങളെ അറിയിക്കാനാണ് കരാറുകാരന്റെയും ഉദ്യോഗസ്ഥന്റെയും ഫോൺ നമ്പരടക്കം നൽകി പരിപാലന കാലാവധി സംബന്ധിച്ച വിവരങ്ങൾ അടങ്ങിയ ബോർഡുകൾ റോഡുകളിൽ സ്ഥാപിക്കുന്നത്. ഇതിലൂടെ ജനങ്ങൾക്ക് ഇടപെടാൻ കഴിയും. ജനങ്ങൾ കാഴ്ചക്കാരല്ല, കാവൽക്കാരാകുന്നു. 3200 ബോർഡുകൾ ഇങ്ങനെ സ്ഥാപിച്ചുകഴിഞ്ഞു. പരിപാലന കാലാവധി കഴിഞ്ഞാലുടൻ ഒരു വർഷത്തേക്ക് അറ്റകുറ്റപ്പണിയടക്കം നടത്തുന്നതിനായി റണ്ണിംഗ് കരാർ നൽകുന്ന സംവിധാനം സംസ്ഥാനത്ത് ആരംഭിക്കുന്നു. പരിപാലന കാലാവധി തീരും മുമ്പുതന്നെ ഇതിനുള്ള റണ്ണിംഗ് കരാറിന്റെ ടെണ്ടർ നടപടി സ്വീകരിച്ചിരിക്കും. റണ്ണിംഗ് കരാറിന്റെ വിവരങ്ങളടങ്ങിയ ബോർഡും റോഡുകളിൽ സ്ഥാപിക്കും. ജനങ്ങൾക്ക് ഇതിലും ഇടപെടാം. പൊതുമരാമത്തു വകുപ്പിന്റെ പ്രവൃത്തികൾ സുതാര്യമാക്കുകയാണ്.

കേരളത്തിൽ മൂന്നുലക്ഷം കിലോമീറ്റർ റോഡിൽ 30,000 കിലോമീറ്ററാണ് പൊതുമരാമത്ത് റോഡുകൾ. എന്നാൽ എല്ലാ റോഡുകളുടേയും പ്രശ്‌നങ്ങൾക്ക് ഉത്തരം പറയേണ്ട സ്ഥിതിയാണ് പൊതുമരാമത്ത് വകുപ്പിനെന്നും കാഞ്ഞിരപ്പള്ളി ബൈപ്പാസ് യാഥാർഥ്യമാകുകയാണെന്നും മന്ത്രി പറഞ്ഞു.

സർക്കാർ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് അധ്യക്ഷത വഹിച്ചു. ആന്റോ ആന്റണി എം.പി. മുഖ്യപ്രഭാഷണം നടത്തി. അഡ്വ. പ്രമോദ് നാരായണൻ എം.എൽ.എ. മുഖ്യാതിഥിയായി.

നെടുമൺ-കുളത്തൂർ, കാനം-പത്തനാട് റോഡുകളുടെ നിർമാണ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. നിർമാണ കരാറുകാരെയും ഉദ്യോഗസ്ഥരെയും ചീഫ് വിപ്പ് ആദരിച്ചു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി, കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ്, വാഴൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുകേഷ് കെ. മണി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ അഡ്വ. സി.ആർ. ശ്രീകുമാർ, റ്റി.എസ്. ശ്രീജിത്ത്, ജെയിംസ് പി. സൈമൺ, അനിത അനിൽകുമാർ, കെ.എസ്. റംല ബീഗം, ജില്ലാ പഞ്ചായത്തംഗം റ്റി.എൻ. ഗിരീഷ്‌കുമാർ, ബ്ലോക്ക് പഞ്ചായത്തംഗം മിനി സേതുനാഥ്, ഗ്രാമപഞ്ചായത്തംഗം ശ്രീലത സന്തോഷ്, കെ.എസ്.റ്റി.പി. ചീഫ് എൻജിനീയർ കെ.എഫ്. ലിസി,

സൂപ്രണ്ടിംഗ് എൻജിനീയർ എൻ. ബിന്ദു, എക്സിക്യൂട്ടീവ് എൻജിനീയർ വി.കെ. ജാസ്മിൻ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, വ്യാപാരി വ്യവസായി ഏകോപന സമിതി അംഗങ്ങൾ, കെ.എസ്.റ്റി. പി., ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.


മൂവാറ്റുപുഴ-പുനലൂർ സംസ്ഥാന പാതയുടെ ഭാഗമായ പ്ലാച്ചേരി- പൊൻകുന്നം റോഡിന്റെ 22.173 കിലോമീറ്ററാണ് നവീകരിച്ചത്. ശബരിമല തീർഥാടകർക്ക് ഉൾപ്പെടെ ഏറെ പ്രയോജനകരമാകുന്ന നിലയിലാണ് റോഡിന്റെ നവീകരണം. 736 കോടി രൂപ ചെലവിൽ ഇ.പി.സി. മാതൃകയിൽ 82.173 കിലോമീറ്ററാണ് പുനലൂർ-പൊൻകുന്നം സംസ്ഥാന പാത നവീകരിക്കുക. മൂന്നു റീച്ചുകളായാണ് നിർമാണം. ഇതിൽ 22.173 കിലോമീറ്ററിലെ മൂന്നാം റീച്ചാണ് പ്ലാച്ചേരി-പൊൻകുന്നം. 30.16 കിലോമീറ്റർ ദൈർഘ്യമുള്ള കോന്നി-പ്ലാച്ചേരി റീച്ചിന്റെ നിർമ്മാണം ഉടൻ പൂർത്തിയാകും. 29.84 കിലോമീറ്റർ പുനലൂർ കോന്നി റീച്ചിന്റെ പ്രവൃത്തി പുരോഗമിക്കുന്നു.