ലഹരി തടയാൻ അഴീക്കോട് മണ്ഡലം കർമ്മ പദ്ധതി തയ്യാറാക്കി

post

വിദ്യാർഥികളിലും സ്കൂൾ പരിസരങ്ങളിലും വർധിച്ചു വരുന്ന ലഹരി ഉപയോഗത്തിനെതിരെ കർമ്മ പദ്ധതിയുമായി അഴീക്കോട് മണ്ഡലം. കെ വി സുമേഷ് എംഎൽഎ വിളിച്ചു ചേർന്ന യോഗത്തിൽ ഇതു സംബന്ധിച്ച് അന്തിമരൂപം നൽകി. ഇതിന്റെ ആദ്യഘട്ടമായി സെപ്റ്റംബർ 28നകം മണ്ഡലത്തിലെ എല്ലാ ഹൈസ്കൂൾ, ഹയർ സെക്കൻഡറി സ്കൂളുകളിലും യോഗം ചേരും. ഇതിൽ പഞ്ചായത്ത് പ്രസിഡൻറ്, വൈസ് പ്രസിഡൻറ്, വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ, ജനപ്രതിനിധികൾ, സ്കൂൾ അധികൃതർ, പിടിഎ ഭാരവാഹികൾ, വ്യാപാരി പ്രതിനിധികൾ, എക്സൈസ്, പൊലീസ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുക്കും. സ്കൂളുകളിൽ നടപ്പാക്കേണ്ട ആക്ഷൻ പ്ലാൻ യോഗത്തിൽ തയ്യാറാക്കും. രണ്ടാം ഘട്ടത്തിൽ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, മതസംഘടന നേതാക്കൾ, യുവജന സംഘടന പ്രതിനിധികൾ എന്നിവർ പങ്കെടുക്കുന്ന ജനകീയ യോഗവും സ്കൂളുകൾ കേന്ദ്രീകരിച്ച് ചേരും. പഞ്ചായത്തുകളിൽ തുടർ കൂടിയാലോചന യോഗവും ചേരും.

അടുത്ത വർഷം മാർച്ച് വരെ നീളുന്ന പദ്ധതികളാണ് എംഎൽഎ വിളിച്ചു ചേർത്ത യോഗത്തിൽ ആസൂത്രണം ചെയ്തത്. ലഹരി തടയാൻ സ്കൂളുകളിൽ എൻഎസ്എസ് വളണ്ടിയർമാർ, എൻസിസി, എസ്പിസി കാഡറ്റുകൾക്ക് പ്രത്യേകം പരിശീലനം നൽകും. ഇവരെ ഉപയോഗിച്ച്മറ്റു വിദ്യാർഥികളെ ബോധവൽകരിക്കും. ഇതുകൂടാതെ മാസത്തിൽ രണ്ടു തവണ സ്കൂളുകളിൽ അസംബ്ലി ചേർന്ന് വിദ്യാർഥികൾക്ക് ബോധവൽക്കരണം നൽകും. സ്കൂളുകളിൽ ബോധവൽക്കരണ ഡോക്യുമെന്‍റെറികൾ പ്രദർശിപ്പിക്കാനും തീരുമാനിച്ചു.

യോഗത്തിൽ ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ അഡ്വ. ടി സരള അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ സി ജിഷ, പഞ്ചായത്തു പ്രസിഡന്റുമാരായ കെ രമേശൻ, പി പി ഷമീമ, കെ അജീഷ്, പി ശ്രുതി, വൈസ് പ്രസിഡന്റ് കെ പ്രദീപൻ, അസി എക്സൈസ് കമ്മീഷൺർ ടി രജീഷ്, വളപട്ടണം എസ് ഐ കെ കെ രേഷ്മ, പാപ്പിനിശേരി എഇഒ പിവി വിനോദ്കുമാർ, ബിപിസി കെ പ്രകാശൻ,

സിജി ആൻഡ് എസി സെൽ ജില്ലാ കോഓർഡിനേറ്റർ ആർ ശ്രീജ, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷർ പങ്കെടുത്തു.