മുൻഗണനാ റേഷൻകാർഡിൽ 1102 അനർഹർ: പിഴസംഖ്യ ഒന്നരക്കോടി

post

ജില്ലയിൽ 1102 മുൻഗണനാ റേഷൻകാർഡുകൾ അനർഹമായി കൈവശം വെച്ചിരുന്നതായി കണ്ടെത്തി. ഏഴ് താലൂക്കുകളിലായി സിവിൽ സപ്ലൈസ് ജീവനക്കാർ നടത്തിയ ഫീൽഡ് പരിശോധനയിലാണ് അനർഹരെ കണ്ടെത്തിയത്. അനർഹമായി കൈപ്പറ്റിയ ഭക്ഷ്യധാന്യത്തിന്റെ കമ്പോളവിലയായി ഏകദേശം ഒന്നരക്കോടി രൂപ ഇവരിൽ നിന്നും ഈടാക്കുന്നതിനുള്ള നടപടികൾ തുടങ്ങി. ഇതുവരെ 15 ലക്ഷം രൂപ അടവുവരുത്തി.

പലതവണ നോട്ടീസ് നൽകിയിട്ടും പിഴതുക അടവാക്കാത്തവർക്കെതിരെ റവന്യൂ റിക്കവറി നടപടികൾ ആരംഭിച്ചിട്ടുണ്ടെന്നും കാർഡുകൾ അനർഹമായി കൈവശം വച്ചിരിക്കുന്നവർ ഉടൻതന്നെ സറണ്ടർ ചെയ്യേണ്ടതാണെന്നും ജില്ലാ സപ്ലൈ ഓഫീസർ പി ആർ ജയചന്ദ്രൻ അറിയിച്ചു.

താലൂക്ക് സപ്ലൈ ഓഫീസർമാരും റേഷനിംഗ് ഇൻസ്പെക്ടർമാരും ചേർന്നാണ് പരിശോധന നടത്തിവരുന്നത്. താലൂക്ക് സപ്ലൈ ഓഫീസർമാരായ ഐ വി സുധീർകുമാർ, സൈമൺ ജോസ്, കെ പി ഷഫീർ റേഷനിംഗ് ഇൻസ്പെക്ടർമാരായ ശ്രീജിത്ത് മോഹൻ, രതീഷ് ടി എസ്, സ്വപ്ന കെ കെ, സുദർശൻ ഇ വി, ജയപ്രകാശ് ടിവി, ലിജി എൻ പിള്ള, എബി ടി പി, ഇന്ദു എ, ട്രീസ് വിനീത് വൈറ്റസ് എന്നിവരടങ്ങിയ സ്പെഷ്യൽ സ്ക്വാഡും ജില്ലയിൽ പ്രവർത്തിച്ചുവരുന്നുണ്ട്.

അനർഹമായി കാർഡുകൾ കൈവശം വച്ചിരിക്കുന്നവരുടെ വിവരങ്ങൾ താലൂക്ക് ഓഫീസർമാരുടെ ഔദ്യോഗിക മൊബൈൽ ഫോണിലോ ഓഫീസ് ഫോണിലോ അറിയിക്കാവുന്നതാണ്. മുൻഗണനാ കാർഡിലേക്ക് മാറ്റുന്നതിനുളള അപേക്ഷകൾ ഒക്ടോബർ 31 വരെ ഓൺലൈൻ മുഖാന്തിരം പൊതുജനങ്ങളിൽ നിന്നും സ്വീകരിക്കുന്നുണ്ടെന്നും ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.