തരൂരില്‍ തരിശ് ഭൂമിയില്‍ കൃഷി ഒരുങ്ങുന്നു

post

തരൂര്‍ ഗ്രാമപഞ്ചായത്തിന്റെ ഉടമസ്ഥയിലുള്ള മൂന്നര ഏക്കര്‍ തരിശുഭൂമിയില്‍ ഭരണസമിതിയുടെ നേതൃത്വത്തില്‍ കൃഷി ഒരുങ്ങുന്നു. പഞ്ചായത്തിലെ 11-ാം വാര്‍ഡ് കാവുങ്കലില്‍ ഉള്‍പ്പെടുന്ന ചമ്മിണിപറമ്പ് പ്രദേശത്ത് വര്‍ഷങ്ങളായി കാടുപിടിച്ച് ഉപയോഗശൂന്യമായി കിടക്കുന്ന പഞ്ചായത്തിന്റെ തരിശുഭൂമിയിലാണ് കൃഷി ഒരുങ്ങുന്നത്. ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ കൃഷിക്കായി നിലമൊരുക്കുന്നതിന് തൊഴിലുറപ്പ് പദ്ധതിയിലൂടെ പ്രവര്‍ത്തി നല്‍കുകയും ഭൂമി കൃഷി യോഗ്യമാക്കുകയും ചെയ്തു. പ്രസ്തുത ഭൂമിയില്‍ 14 പട്ടികജാതി കുടുംബങ്ങള്‍ കൃഷി ചെയ്ത് ഉപജീവനം നടത്തും.

നിലമൊരുക്കിയ സ്ഥലത്ത് പച്ചക്കറി തൈകള്‍ നടുന്നതിന്റെ ഉദ്ഘാടനം പി.പി. സുമോദ് എം.എല്‍.എ. നിര്‍വഹിച്ചു. തരൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ. രമണി അധ്യക്ഷയായി. വൈസ് പ്രസിഡന്റ് ഐ. ഷക്കീര്‍, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ രാജശ്രീ, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ചെന്താമരാക്ഷന്‍, വാര്‍ഡ് അംഗം സുഭജ രാജന്‍, സി.ഡി.എസ്. ചെയര്‍പേഴ്സണ്‍ ഗിരിജ, പാടശേഖര കമ്മിറ്റി അംഗം കൃഷ്ണന്‍, ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് ബി.പി.ഒ. സ്വപ്ന, ജോയിന്റ് ബി.ഡി.ഒ. കണ്ണന്‍, ഗ്രാമപഞ്ചായത്ത് എം.ജി.എന്‍.ആര്‍.ജി.എസ്. എ.ഇ. ആര്‍.എസ്. റീജ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി എസ്.പി. മാലിനി എന്നിവര്‍ സംസാരിച്ചു.