ആലപ്പുഴ കാപികോ റിസോര്‍ട്ട് പൊളിച്ചു തുടങ്ങി

post

പാണാവള്ളി നെടിയതുരുത്തില്‍ തീരദേശ പരിപാലന നിയമം ലംഘിച്ച് നിര്‍മിച്ച കാപികോ റിസോര്‍ട്ട് പൊളിച്ചു തുടങ്ങി. ജില്ലാ കളക്ടര്‍ വി.ആര്‍. കൃഷ്ണ തേജയുടെ മേല്‍നോട്ടത്തിലാണ് ഇന്നലെ രാവിലെ നടപടികള്‍ ആരംഭിച്ചത്. കെട്ടിടം പൊളിച്ചു നീക്കുന്നതിനായി റിസോര്‍ട്ട് നടത്തിപ്പുകാര്‍ സമര്‍പ്പിച്ച ആക്ഷന്‍ പ്ലാന്‍ പാണാവള്ളി ഗ്രാമപഞ്ചായത്ത് പരിശോധിച്ച് അംഗീകാരം നല്‍കിരുന്നു. കെട്ടിട അവശിഷ്ടങ്ങള്‍ പുനരുപയോഗിക്കുന്നതിനുള്ള ഈ പ്ലാന്‍ പ്ലകാരം റിസോര്‍ട്ട് നടത്തിപ്പുകാര്‍ തന്നെയാണ് പൊളിക്കല്‍ നടത്തുന്നത്. റിസോര്‍ട്ട് പൊളിച്ചു മാറ്റുന്നതിന് സുപ്രീം കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. റിസപ്ഷന്‍ ഉള്‍പ്പെടെയുള്ള പ്രധാന കെട്ടിടം, 54 കോട്ടേജുകള്‍ തുടങ്ങിയവയാണ് റിസോര്‍ട്ടിനായി ദ്വീപില്‍ നിര്‍മിച്ചിട്ടുള്ളത്. പരിസ്ഥിതി മലിനീകരണം പൂര്‍ണമായും ഒഴിവാക്കിയാണ് കെട്ടിടങ്ങള്‍ പൊളിക്കുന്നത്. അവശിഷ്ടങ്ങളും പരിസ്ഥിതിക്ക് ദോഷകരമല്ലാത്ത രീതിയില്‍ ഇവിടെ നിന്നും നീക്കും. ആദ്യം കോട്ടേജുകളുടെ മതില്‍ക്കെട്ടാണ് നീക്കം ചെയ്യുന്നത്. രണ്ടാം ഘട്ടത്തില്‍ മേല്‍ക്കൂരകള്‍ നീക്കും. ആറു മാസത്തിനിടയില്‍ കെട്ടിടങ്ങള്‍ പൂര്‍ണമായും പൊളിക്കുമെന്നും ഇതിനായി പൊതു പണം വിനിയോഗിക്കില്ലെന്നും കളക്ടര്‍ പറഞ്ഞു. ഓരോ ഘട്ടത്തിലും നടപടികളുടെ വിശദമായ വിലയിരുത്തലും പരിസ്ഥിതി മലിനീകരണം സംഭവിക്കുന്നില്ലെന്ന് ഉറപ്പാക്കുന്നതിന് വായുവിന്‍റെയും വെള്ളത്തിന്‍റെയും പരിശോധന നടത്താൻ നിർദ്ദേശിച്ചിട്ടുണ്ട്. ശബ്ദ മലിനീകരണം ഒഴിവാക്കുന്നതിനും മുന്‍കരുതലുകള്‍ സ്വീകരിക്കുന്നുണ്ട്. സഫോടക വസ്തുക്കള്‍ ഉപയോഗിക്കാത്ത സാഹചര്യത്തില്‍ വന്‍തോതിലുള്ള മലിനീകരണത്തിന് സാധ്യത കുറവാണ്. കാപികോ റിസോര്‍ട്ട് കയ്യേറിയ പുറമ്പോക്ക് ഭൂമി കഴിഞ്ഞ ദിവസം സര്‍ക്കാരിനു വേണ്ടി ജില്ലാ കളക്ടര്‍ ഏറ്റെടുത്തിരുന്നു.സബ് കലക്ടര്‍ സൂരജ് ഷാജി, ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ ആശാ സി. എബ്രഹാം, ചേര്‍ത്തല തഹസില്‍ദാര്‍ കെ.ആര്‍. മനോജ്, പാണാവള്ളി വില്ലേജ് ഓഫീസര്‍ കെ. ബിന്ദു, ജില്ലാ എന്‍വയോണ്‍മെന്‍റല്‍ എന്‍ജിനീയര്‍ സി.വി. സ്മിത, ഫയര്‍ ഓഫീസര്‍ രാംകുമാര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും  സ്ഥലത്ത് എത്തിയിരുന്നു.