എ.ബി.സി.ഡി ക്യാമ്പ് : പനമരത്ത് 3696 പേർക്ക് രേഖകള്‍

post

പനമരം സെന്റ് ജൂഡ് പാരിഷ്ഹാളില്‍ രണ്ടു ദിവസങ്ങളിലായി നടന്ന എ.ബി.സി.ഡി ക്യാമ്പിൽ 3696 പേർക്ക് ആധികാരിക രേഖയായി.ആധാര്‍ 439, റേഷന്‍ കാര്‍ഡ് 227, ജനന സര്‍ട്ടിഫിക്കറ്റ് സേവനങ്ങള്‍ 155, ബാങ്ക് അക്കൗണ്ട് 158, ആരോഗ്യ ഇന്‍ഷുറന്‍സ് 20, ഇലക്ഷന്‍ ആധാര്‍ കാര്‍ഡ് ലിങ്കിംഗ് 150, ഡിജിലോക്കര്‍ 277, വില്ലേജ് അനുബന്ധ സര്‍ട്ടിഫിക്കറ്റ് 272, മറ്റ് ഇതര സേവനങ്ങൾ 1998 തുടങ്ങി സേവനങ്ങൾ നല്‍കി.ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ്, ബാങ്ക് അക്കൗണ്ട്, ഇലക്ഷന്‍ ഐഡി കാര്‍ഡ്, ജനന സര്‍ട്ടിഫിക്കറ്റ് തുടങ്ങിയ രേഖകള്‍ തെറ്റു തിരുത്തി നല്‍കുകയും രേഖകള്‍ ഇല്ലാത്തവര്‍ക്ക് പുതിയ രേഖകള്‍ നൽകുകയും ചെയ്തു.22 അക്ഷയ കൗണ്ടറുകളാണ് ക്യാമ്പിൽ സജ്ജീകരിച്ചത്. പൊതുവിതരണ വകുപ്പ്, റവന്യു വകുപ്പ്, ആരോഗ്യ വകുപ്പ്, ആരോഗ്യ ഇൻഷൂറൻസ്, പഞ്ചായത്ത്, ബാങ്ക്, ട്രൈബൽ വകുപ്പ് എന്നിവയ്ക്കും കൗണ്ടറുകൾ ഒരുക്കിയിട്ടുണ്ട്.വയനാട് ജില്ലയിലെ പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് അടിസ്ഥാന ആധികാരിക രേഖകള്‍ ഉറപ്പു വരുത്തുന്നതിനും ആയത് ഡിജിറ്റല്‍ ലോക്കറില്‍ സൂക്ഷിക്കുന്നതിനും രേഖകളില്ലാത്തവര്‍ക്ക് ലഭ്യമാക്കുന്നതിനും ആവിഷ്‌ക്കരിച്ചതാണ് അക്ഷയ ബിഗ് ക്യാമ്പയിന്‍ ഫോര്‍ ഡോക്യുമെന്റ് ഡിജിറ്റലൈസേഷന്‍ പദ്ധതി. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ഐ ടി വകുപ്പ്, അക്ഷയ,തദ്ദേശ സ്വയംഭരണ വകുപ്പ്, പട്ടികവര്‍ഗ വകുപ്പ്, എന്നിവയുടെ സംയുക്ത അഭിമുഖ്യത്തില്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെയും ബാങ്കുകളുടേയും സഹകരണത്തോടെയാണ് ക്യാമ്പ് നടക്കുന്നത്. പനമരം ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ സഹായത്തോടെ മാനന്തവാടി സബ് കളക്ടർ ആർ. ശ്രീലക്ഷ്മിയുടെ നേതൃത്വത്തില്‍ ജില്ലാ ഭരണകൂടമാണ് ക്യാമ്പ് ഏകോപിപ്പിക്കുന്നത് .

പട്ടികവര്‍ഗ വകുപ്പിന്റെ നേതൃത്വത്തില്‍ ക്യാമ്പില്‍ പങ്കെടുക്കുന്നവര്‍ക്കായി വിവിധ പ്രദേശങ്ങളിലേക്ക് വാഹന സൗകര്യവും ക്രമീകരിച്ചിട്ടുണ്ട്.