കിടങ്ങൂരിലെ കുട്ടിക്കൃഷിയ്ക്ക് നൂറ്മേനി വിളവ്

post

കിടങ്ങൂർ ഗ്രാമപഞ്ചായത്തിൽ 'ഞങ്ങളും കൃഷിയിലേക്ക്' പദ്ധതിയുടെ ഭാഗമായി വിദ്യാർഥികൾ ആരംഭിച്ച പച്ചക്കറി കൃഷിക്കു ലഭിച്ചത് നൂറുമേനി വിളവ്. വിളവെടുപ്പിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബോബി മാത്യു നിർവഹിച്ചു. പാവലും പടവലവുമായിരുന്നു കൃഷി ചെയ്തത്. ആദ്യ ഘട്ടത്തിൽ 250 കിലോ പടവലവും 300 കിലോ പാവലും ലഭിച്ചു. ലഭിച്ച പച്ചക്കറി സമീപപ്രദേശങ്ങളിലെ കടകൾ വഴി വിറ്റഴിക്കുമെന്ന് കൃഷി ഓഫീസർ നീതു തോമസ് പറഞ്ഞു.

കിടങ്ങൂർ എൻ.എസ്.എസ്. ഹയർ സെക്കൻഡറി സ്‌കൂൾ, കൂടല്ലൂർ സെന്റ് ജോസഫ് യു.പി സ്‌കൂൾ എന്നിവിടങ്ങളിലെ 30 വിദ്യാർത്ഥികളാണ് കഴിഞ്ഞ ജൂൺ മാസത്തിൽ പച്ചക്കറി കൃഷി ആരംഭിച്ചത്. പഞ്ചായത്തിലെ രണ്ടാം വാർഡിലെ കർഷകനായ കൊതകുന്നേൽ വിജയന്റെ തരിശുകിടന്ന 30 സെന്റ് സ്ഥലത്തായിരുന്നു കൃഷിയിറക്കിയത്.