തെരുവുനായ ഭീഷണിക്ക് പരിഹാരവുമായി കൊല്ലം കോര്‍പ്പറേഷന്‍

post

തെരുവുനായ വന്ധ്യംകരണം ഊര്‍ജിതമാക്കും

തെരുവുനായ് ഭീഷണി നിയന്ത്രിക്കാന്‍ വന്ധ്യംകരണയജ്ഞം കൂടുതല്‍ ഊര്‍ജിതമാക്കുമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം. ബി രാജേഷ്. കൊല്ലം കോര്‍പറേഷന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന എ.ബി.സി പ്രോഗ്രാമിന്റെയും പേവിഷ നിര്‍മ്മാര്‍ജ്ജന കുത്തിവയ്പ്പ് പരിപാടിയുടേയും ഉദ്ഘാടനം അഞ്ചാലുംമൂട് മൃഗാശുപത്രി അങ്കണത്തില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

വന്ധ്യംകരണത്തിനും വാക്‌സിനേഷനുമാണ് ഊന്നല്‍ നല്‍കുന്നത്. വംശവര്‍ധന നിയന്ത്രക്കുകയാണ് ലക്ഷ്യം. തെരുവുനായകളെ പിടികൂടാന്‍ കൂടുതല്‍ പേര്‍ക്ക് പരിശീലനം നല്‍കും. കുടുംബശ്രീക്കും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കും വൈദഗ്ധ്യമുള്ളവരുടെ പട്ടിക തയ്യാറാക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വെറ്ററിനറി സര്‍വകലാശാലയുടെയും ലൈഫ് സ്റ്റോക്ക് കേന്ദ്രങ്ങളുടെയും സഹകരണത്തോടെ യുദ്ധകാലാടിസ്ഥാനത്തില്‍ പരിശീലനം നല്‍കും. ഓരോ തദ്ദേശസ്ഥാപനങ്ങളിലും ഒരു ആനിമല്‍ ഷെല്‍ട്ടര്‍ തുടങ്ങാന്‍ ഉദ്ദേശിക്കുന്നു.

പേ വൈറസ് ബാധിച്ച നായകളെ കൊല്ലാന്‍ അനുമതി തേടും. തെരുവ് നായകളെ വാക്‌സിനേഷന് കൊണ്ടുവരുന്നവര്‍ക്ക് 500 രൂപ പാരിതോഷികമായി നല്‍കും. നേതൃപരമായ പങ്കുവഹിക്കാന്‍ തദ്ദേശസ്ഥാപനങ്ങള്‍ മുന്‍കൈയെടുക്കണം. സംസ്ഥാനത്ത് സെപ്റ്റംബര്‍ 20 മുതല്‍ നവംബര്‍ 20 വരെ നടക്കുന്ന വാക്‌സിനേഷന്‍ ഡ്രൈവിന് മുന്നോടിയായി പദ്ധതിക്ക് തുടക്കമിട്ട കൊല്ലം കോര്‍പ്പറേഷന്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് മാതൃകയാണെന്നും മന്ത്രി പറഞ്ഞു.

40 ലക്ഷം രൂപയാണ് പദ്ധതിക്കായി വകയിരുത്തിയത്. രണ്ട് വെറ്റിനറി സര്‍ജന്‍, ആറ് നായപിടുത്തക്കാര്‍, രണ്ട് സര്‍ജറി അസിസ്റ്റന്റ്, നാല് മൃഗപരിപാലകര്‍, രണ്ട് ശുചീകരണ തൊഴിലാളികള്‍ ഉള്‍പ്പെടെ രണ്ട് എ.ബി.സി ടീമിനെ കോര്‍പ്പറേഷന്‍ തലത്തില്‍ സജ്ജീകരിച്ചിട്ടുണ്ട്. വളര്‍ത്തുനായകള്‍, പൂച്ചകള്‍ എന്നിവയ്ക്ക് ആന്റി റാബീസ് വാക്സിന്‍ നല്‍കി കോര്‍പ്പറേഷനില്‍ നിന്ന് ലൈസന്‍സ് ലഭ്യമാക്കുന്ന തീവ്രവാക്സിനേഷന്‍ യജ്ഞത്തിലൂടെ ഒക്ടോബര്‍ 20 നകം സ്ഥിതിഗതി നിയന്ത്രണവിധേയമാക്കാമെന്നാണ് പ്രതീക്ഷിക്കുന്നത്.