ചങ്ങാതി പദ്ധതി ന്യൂ ഇന്ത്യാ ലിറ്ററസി പ്രോഗ്രാമുമായി ചേര്‍ന്ന് നടപ്പാക്കും

post

അതിഥി തൊഴിലാളികളെ മലയാളം പഠിപ്പിക്കുന്നതിനുള്ള ചങ്ങാതി പദ്ധതി ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാമുമായി ചേര്‍ന്ന് ജില്ലാ പഞ്ചായത്ത് നടപ്പാക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ സാക്ഷാരതാ സമിതി യോഗത്തിലാണ് തീരുമാനം. അതിഥി തൊഴിലാളികള്‍ കൂടുതലുള്ള കഞ്ചിക്കോട്, പുതുശ്ശേരി, ഒറ്റപ്പാലം, പട്ടാമ്പി, മണ്ണാര്‍ക്കാട്, ചെര്‍പ്പുളശ്ശേരി മേഖലകളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തി പദ്ധതി നടപ്പാക്കും.

ജില്ലയില്‍ അധ്യാപക പരിശീലനം പൂര്‍ത്തിയാക്കിയവരെ സാക്ഷരതാ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗപ്പെടുത്തണമെന്നും സാക്ഷരതാമിഷന്‍ പ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയില്‍ മുന്നോട്ട് പോകണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. സാക്ഷരതയിലും പൊതുവിദ്യാഭ്യാസത്തിലും ജില്ലയുടെ പിന്നോക്കാവസ്ഥ പരിഹരിച്ച് സാക്ഷരതാനിരക്കും പത്താംതരം വിജയശതമാനവും രണ്ടുവര്‍ഷത്തില്‍ സംസ്ഥാന ശരാശരിക്ക് മുകളിലെത്തിക്കുന്നതിന് ജില്ലാ പഞ്ചായത്ത് പ്രാധാന്യം നല്‍കും.

പട്ടികജാതി, പട്ടികവര്‍ഗ, ന്യൂനപക്ഷ, മറ്റു പിന്നോക്ക മേഖലാ, ട്രാന്‍സ്ജെന്‍ഡര്‍, അതിഥി തൊഴിലാളികളില്‍ നിന്നും കൂടുതല്‍ നിരക്ഷരരെ കണ്ടെത്തി സാക്ഷരതാ ക്ലാസുകള്‍ ആരംഭിക്കും. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സഹായത്തോടെ നടപ്പിലാക്കുന്ന അഞ്ച് വര്‍ഷം നീണ്ടുനില്‍ക്കുന്ന പദ്ധതിയുടെ ആദ്യഘട്ടത്തില്‍ ജില്ലയിലെ ഓരോ പഞ്ചായത്തുകളില്‍ നിന്നും കുറഞ്ഞത് 100 സാക്ഷരതാ പഠിതാക്കളെ പദ്ധതിയിലേക്ക് കണ്ടെത്തുകയാണ് ലക്ഷ്യം. ഈ വര്‍ഷം ജില്ലയില്‍ നിന്ന് മാത്രം ഇത്തരത്തില്‍ 8000 നിരക്ഷരരെ കണ്ടെത്തി സാക്ഷരരാക്കും.

മൂന്നുമാസങ്ങളിലായി 120 മണിക്കൂറാണ് ക്ലാസുകള്‍ നല്‍കുന്നത്. പദ്ധതിയുടെ സര്‍വേ നടപടികള്‍ ഒക്ടോബര്‍ രണ്ടിന് ആരംഭിക്കും. സാക്ഷരതാ മിഷന്‍ പദ്ധതിയില്‍ ബിരുദതലം കൂടി ഉള്‍പ്പെടുത്തുന്നതിന് ജില്ലയില്‍ നിന്ന് ശുപാര്‍ശ ചെയ്യാനും യോഗത്തില്‍ തീരുമാനമായി. പഠ്നാ ലിഖ്നാ അഭിയാന്‍ പദ്ധതിയിലൂടെ ജില്ലയില്‍ 48,263 പഠിതാക്കളാണ് സാക്ഷരരായത്. സാക്ഷരതാ പഠിതാക്കളെ കൂടാതെ ഒന്‍പതിനായിരത്തോളം പഠിതാക്കള്‍ പത്ത്, ഹയര്‍സെക്കന്‍ഡറി തുല്യതാക്ലാസുകളില്‍ പഠിച്ചുവരുന്നു. ഇവര്‍ക്ക് 350ഓളം യോഗ്യരായ അധ്യാപകരെ ഉള്‍പ്പെടുത്തി 75 പഠനകേന്ദ്രങ്ങളിലായി തുല്യതാ പരിശീലനം നല്‍കുന്നതിനും യോഗത്തില്‍ തീരുമാനിച്ചു.