പേവിഷബാധ വാക്സിൻ ജില്ലയിലെ എല്ലാ ആരോഗ്യകേന്ദ്രങ്ങളിലും ലഭ്യമാണ്

post

പേവിഷബാധക്കെതിരായ വാക്സിൻ (ഐ.ഡി.ആർ.വി) പത്തനംതിട്ട ജില്ലയിലെ എല്ലാ പ്രാഥമികാരോഗ്യകേന്ദ്രങ്ങൾ, കുടുംബാരോഗ്യകേന്ദ്രങ്ങൾ, സാമൂഹികാരോഗ്യകേന്ദ്രങ്ങൾ, താലൂക്ക്, ജില്ല, ജനറൽ ആശുപത്രികൾ, കോന്നി സർക്കാർ മെഡിക്കൽ കോളജ് എന്നിവിടങ്ങളിൽ സൗജന്യമായി ലഭ്യമാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ(ആരോഗ്യം) ഡോ. എൽ. അനിതാകുമാരി അറിയിച്ചു.

അടിയന്തിര രോഗപ്രതിരോധ ശേഷി ലഭിക്കുന്നതിനായി മുറിവിനു ചുറ്റും കുത്തി വയ്ക്കുന്ന ആന്റിറാബീസ് ഇമ്മ്യൂണോഗ്ലോബുലിൻ പത്തനംതിട്ട ജനറൽ ആശുപത്രി, അടൂർ ജനറൽ ആശുപത്രി, കോഴഞ്ചേരി ജില്ലാ ആശുപത്രി, തിരുവല്ല താലൂക്ക് ആസ്ഥാന ആശുപത്രി, റാന്നി താലൂക്ക് ആസ്ഥാന ആശുപത്രി എന്നിവിടങ്ങളിൽ നിന്നും സൗജന്യമായി ലഭ്യമാണ്.

മൃഗങ്ങളുടെ കടിയോ, മാന്തലോ ഏറ്റാൽ ഉടൻ തന്നെ സോപ്പും വെളളവും ഉപയോഗിച്ച് കുറഞ്ഞത് 15 മിനിറ്റ് എങ്കിലും മുറിവ് കഴുകണം. ടാപ്പിൽ നിന്നുളള ഒഴുക്കുവെളളം ആയാൽ കൂടുതൽ നല്ലത്. ഇതുമൂലം 90 ശതമാനം വൈറസുകളും ഇല്ലാതാകും. കടിയേറ്റ ആളെ വേഗം വാക്സിൻ ലഭിക്കുന്ന ആരോഗ്യകേന്ദ്രത്തിൽ എത്തിച്ച് വാക്സിൻ എടുക്കണം. കടിയേറ്റ ഉടൻ, മൂന്നാം ദിവസം, ഏഴാം ദിവസം, 28-ാം ദിവസം എന്നിങ്ങനെയാണ് വാക്സിൻ എടുക്കേണ്ടത്.

ഡോക്ടറുടെ നിർദേശ പ്രകാരം ആവശ്യമെങ്കിൽ ഇമ്മ്യൂണോഗ്ലോബുലിൻ സ്വീകരിക്കേണ്ടതാണ്. കടിയേറ്റ മുറിവിൽ ഒറ്റമൂലി മരുന്നുകളോ ലേപനങ്ങളോ പുരട്ടുവാൻ പാടില്ലെന്നും ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.