പ്രേക്ഷകരുടെ നെഞ്ചിടിപ്പ് കൂട്ടാൻ മിഡ്നൈറ്റ് സ്ക്രീനിങ്ങിൽ സാത്താൻസ് സ്ലേവ്സ് 2

post

പേടി ആസ്വദിക്കാനുള്ള പ്രേക്ഷക താല്‍പ്പര്യം മുൻനിറുത്തി ഇത്തവണ രാജ്യാന്തര മേളയിലെ മിഡ്‌നൈറ്റ് സ്‌ക്രീനിങ്ങിൽ ഇന്തോനേഷ്യൻ ചിത്രം സാത്താൻസ് സ്ലേവ്സ് 2 കമ്മ്യൂണിയൻ പ്രദർശിപ്പിക്കും. 2017 ൽ പുറത്തിറങ്ങിയ സാത്താൻസ് സ്ലേവ്സിന്റെ രണ്ടാം ഭാഗമായ ചിത്രം ഐമാക്സിലാണ് ചിത്രീകരിച്ചി രിക്കുന്നത്. ഹൊറർ സിനിമകളിലൂടെ പ്രശസ്തനായ ജോക്കോ അൻവറാണ് ചിത്രത്തിന്റെ സംവിധായകൻ.

വർഷങ്ങൾക്ക് മുമ്പ് നടന്ന ദാരുണമായ സംഭവത്തിന് ശേഷം അമ്മയെയും ഇളയ സഹോദരനെയും നഷ്ടമായ റിനിയും കുടുംബവും സ്വസ്ഥജീവിതമന്വേഷിച്ചു ഫ്ലാറ്റിലേക്ക് താമസം മാറ്റുന്നു. അയൽക്കാർ ആരാണെന്ന് മനസ്സിലാക്കാതെയുള്ള കുടുംബത്തിന്റെ ഭയ വിഹ്വലമായ ജീവിതമാണ് ചിത്രം പ്രമേയമാക്കിയിരിക്കുന്നത്.

ഈ വർഷം ബുസാൻ മേളയിൽ പ്രേക്ഷക പ്രീതി നേടിയ ചിത്രത്തിന്റെ ആദ്യ ഭാഗമായ സാത്താൻസ് സ്ലേവ്സ്, 22-ാമത് ഐഎഫ്എഫ്കെയിൽ പ്രദർശിപ്പിച്ചിരുന്നു. ചലച്ചിത്ര മേളയിലെ തുറന്ന വേദിയായ നിശാഗന്ധിയിലാണ് സാത്താൻസ് സ്ലേവ്സ് പ്രദർശിപ്പിക്കുന്നത്.