ജില്ലയിൽ ഒരു ലക്ഷത്തിലേറെ തെരുവുനായകൾക്ക് വാക്‌സിൻ നൽകും

post

തദ്ദേശ സ്ഥാപനങ്ങളിൽ ഡോഗ് ഷെൽട്ടറുകൾ സ്ഥാപിക്കും

നായകളെ പിടിക്കാൻ കൂടുതൽ പേർക്ക് പരിശീലനം

വളർത്തുനായകളും തെരുവുനായകളും ഉൾപ്പെടെ ജില്ലയിലെ ഒരു ലക്ഷത്തിലേറെ നായകൾക്ക് പേവിഷബാധയ്‌ക്കെതിരായ വാക്‌സിൻ നൽകുന്നതിനുള്ള നടപടികൾ വേഗത്തിലാക്കാൻ തീരുമാനം. ഇതുമായി ബന്ധപ്പെട്ട് മന്ത്രിമാരായ കെ രാജൻ, ഡോ. ആർ ബിന്ദു എന്നിവരുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് അടിയന്തര പരിഹാരമെന്ന നിലയിൽ ഇവയ്ക്ക് വാക്‌സിനേഷൻ നൽകുന്നതിനുള്ള ഊർജിത ക്യാംപയിൻ സംഘടിപ്പിക്കാൻ തീരുമാനമായത്.

ഒക്ടോബർ 30നകം ജില്ലയിലെ മുഴുവൻ നായകൾക്കും വാക്‌സിൻ നൽകുന്നുവെന്ന് ഉറപ്പുവരുത്താൻ എല്ലാവരും മുന്നിട്ടിറങ്ങണമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ പറഞ്ഞു. വാക്‌സിനേഷനു വേണ്ടി നായയെ എത്തിക്കുന്നതിന് തദ്ദേശസ്ഥാപന തലത്തിൽ ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ള രണ്ട് വീതം സ്‌ക്വാഡുകൾക്ക് രൂപം നൽകും. ഇവർക്ക് പ്രത്യേക വാഹനവും ലഭ്യമാക്കും. നായകളെ പിടിക്കുന്നതിനായി കൂടുതൽ പേർക്ക് പരിശീലനം നൽകും. ഇതിനായി വെറ്ററിനറി വകുപ്പും വെറ്ററിനറി സർവകലാശാലയും ഉൾപ്പെടെ നടപടി സ്വീകരിക്കണം. സാധ്യമായ എല്ലാ സ്രോതസ്സുകളും ഉപയോഗിച്ച് എത്രയും വേഗം പരിശീലനം പൂർത്തിയാക്കാനും മന്ത്രി ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകി. നിലവിൽ പരിശീലനം ലഭിച്ച കുടുംബശ്രീ പ്രവർത്തകരെയും ഇതിന്റെ ഭാഗമാക്കും. വാക്‌സിൻ ലഭിച്ച നായകളെ തിരിച്ചറിയുന്നതിനായി അവയ്ക്ക് പെയിന്റ് കൊണ്ട് അടയാളമിടും.

അതോടൊപ്പം തെരുവ് നായകളുടെ കടിയേൽക്കുന്ന സംഭവങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ ജില്ലയിലെ ഓരോ തദ്ദേശ സ്ഥാപനത്തിലും നായകളെ പാർപ്പിക്കുന്നതിനുള്ള ഷെൽട്ടറുകൾ സ്ഥാപിക്കാനും മന്ത്രി നിർദ്ദേശം നൽകി. അതിന് അനുയോജ്യമായ സംവിധാനങ്ങളുടെ പട്ടിക എത്രയും വേഗം തദ്ദേശസ്ഥാപനങ്ങൾ ജില്ലാ കലക്ടർക്ക് കൈമാറണം. ദുരന്തനിവാരണ നിയമം അനുസരിച്ച് ഇവ ഏറ്റെടുത്ത് ഡോഗ് ഷെൽട്ടറുകളാക്കി മാറ്റാനാണ് തീരുമാനം. നായശല്യം തടയുന്നതുമായി ബന്ധപ്പെട്ട പ്രൊജക്ടുകൾ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടില്ലാത്ത തദ്ദേശസ്ഥാപനങ്ങൾ പദ്ധതി ഭേദഗതി ചെയ്ത് 22ന് നടക്കുന്ന ജില്ലാ ആസൂത്രണ സമിതി യോഗത്തിൽ അംഗീകാരം നേടണം.

നായകളെ വന്ധ്യംകരിക്കുന്നതിനുള്ള ആനിമൽ ബർത്ത് കൺട്രോൾ (എബിസി) പദ്ധതി പുനരാരംഭിക്കുന്നതിനുള്ള നടപടികൾ ശക്തമാക്കാനും യോഗം തീരുമാനിച്ചു. ആദ്യഘട്ടത്തിൽ രണ്ട് ബ്ലോക്കുകൾക്ക് ഒന്ന് എന്ന രീതിയിൽ സെന്ററുകൾ സ്ഥാപിക്കണം. നിലവിൽ കോർപറേഷനിലെ എബിസി കേന്ദ്രത്തിന്റെ സേവനം ആഴ്ചയിൽ രണ്ടുദിവസം മറ്റു തദ്ദേശ സ്ഥാപനങ്ങൾക്ക് കൂടി ലഭ്യമാക്കും. ജില്ലയിലെ മാള, വടക്കാഞ്ചേരി, ചാലക്കുടി എന്നിവിടങ്ങളിൽ കൂടി എബിസി കേന്ദ്രങ്ങൾ എത്രയും വേഗം ആരംഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കണം. നായശല്യം കുറയ്ക്കുന്നതിനായി മാലിന്യ സംസ്‌ക്കരണ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താനും തദ്ദേശ സ്ഥാപനങ്ങൾക്ക് യോഗം നിർദ്ദേശം നൽകി.

നായശല്യത്തിന് പരിഹാരം കാണുന്നതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ പ്രാദേശിക തലത്തിൽ ഊർജ്ജിതപ്പെടുത്തുന്നതിനായി എല്ലാ മണ്ഡലങ്ങളിലും സെപ്തംബർ 20ന് മുമ്പായി എംഎൽഎമാരുടെ നേതൃത്വത്തിൽ പ്രത്യേക യോഗം ചേരണം. യോഗത്തിൽ തദ്ദേശ സ്ഥാപന അധ്യക്ഷൻമാർ, സെക്രട്ടറിമാർ, ബന്ധപ്പെട്ട ഉദ്യോഗസ്ഥർ, രാഷ്ട്രീയ, സംഘടനാ, വ്യാപാരി പ്രതിനിധികൾ, ചേംബർ ഓഫ് കൊമേഴ്‌സ്, തൊഴിലാളി സംഘടനകൾ, ഹോട്ടൽ ആന്റ് റെസ്‌റ്റൊറന്റ് അസോസിയേഷൻ, സന്നദ്ധ സംഘടനകൾ, ക്ലബ്ബുകൾ, ഹരിത കർമ്മ സേനാംഗങ്ങൾ, മൃഗാവകാശ പ്രവർത്തകർ തുടങ്ങി സമൂഹത്തിന്റെ എല്ലാ തുറകളിൽ നിന്നുമുള്ളവരെ പങ്കെടുപ്പിക്കണം.

മണ്ഡലംതലത്തിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് വിവിധ ഉദ്യോഗസ്ഥരെ നോഡൽ ഓഫീസറായി നിയമിച്ചതായി ജില്ലാ കലക്ടർ ഹരിത വി കുമാർ അറിയിച്ചു. മണ്ഡലം തല യോഗത്തിന് ശേഷം തദ്ദേശസ്ഥാപന തലങ്ങളിലും സമാനമായ രീതിയിൽ യോഗങ്ങൾ ചേർന്ന് ക്യാംപയിൻ വിജയിപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാനും യോഗം നിർദ്ദേശം നൽകി.