ക്ഷീര അവാര്‍ഡ് വയനാട് ജില്ലാ പഞ്ചായത്ത് ഏറ്റുവാങ്ങി

post

വയനാട്: സംസ്ഥാനതലത്തില്‍ ക്ഷീരമേഖലയില്‍ ഏറ്റവും കൂടുതല്‍ ഫണ്ട് വിനിയോഗിച്ച ജില്ലാ പഞ്ചായത്തിനുളള അവാര്‍ഡ് വയനാട് ജില്ലാ പഞ്ചയാത്ത് കരസ്ഥമാക്കി. തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരത്തില്‍ നടന്ന സംസ്ഥാന ക്ഷീരമേളയില്‍ കൃഷി വകുപ്പ് മന്ത്രി വി. എസ് സുനില്‍കുമാറില്‍ നിന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബി. നസീമ അവാര്‍ഡ് ഏറ്റുവാങ്ങി. 2018-19 ല്‍ നടപ്പാക്കിയ പദ്ധതികള്‍ക്കാണ് പുരസ്‌കാരം ലഭിച്ചത്. 

ജില്ലയിലെ ക്ഷീര കര്‍ഷകര്‍ക്ക് പാലിന് സബ്‌സിഡിയും കാലിത്തീറ്റ സബ്‌സിഡിയും ലഭ്യമാക്കുന്നതായിരുന്നു പദ്ധതികള്‍. പാലുല്‍പ്പാദന വര്‍ദ്ധനവ് ലക്ഷ്യമിട്ട് കറുവ പശുക്കള്‍ക്ക് കാലിത്തീറ്റ സബ്‌സിഡിയായി 19,17,431 രൂപയും ക്ഷീര കര്‍ഷകര്‍ക്ക് പാലിന് സബ്‌സിഡി നല്‍കുന്നതിമായി ബന്ധപ്പെട്ട് ഗ്രാമ പഞ്ചായത്തുകള്‍ക്ക് വിഹിതം നല്‍കല്‍ ഇനത്തില്‍ 1,33,88,000 രൂപയും ചെലവഴിച്ചു. ഈ വര്‍ഷം മൂന്ന് കോടി രൂപയാണ് ക്ഷീര മേഖലയില്‍ ജില്ലാ പഞ്ചായത്ത് വകയിരുത്തിയത്.

പഞ്ചായത്ത് വകുപ്പ് മന്ത്രി എ. സി. മൊയ്തീന്റെ സാന്നിധ്യത്തില്‍ നടന്ന അവാര്‍ഡ്ദാന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ. പ്രഭാകരന്‍ മാസ്റ്റര്‍ വികസന കാര്യസ്റ്റാന്‍ഡിംഗ് കമ്മിറ്റ ചെയര്‍മാന്‍ കെ. മിനി എന്നിവരും പങ്കെടുത്തു.