ചെറുകിട വ്യവസായ നിക്ഷേപങ്ങള്‍ സമ്പത്തിന്റെ ജനാധിപത്യ വികേന്ദ്രീകരണം സാധ്യമാക്കും

post

കോഴിക്കോട്: കേരളത്തില്‍ ചെറുകിട നിക്ഷേപങ്ങള്‍ ധാരാളമായി ഉണ്ടായാല്‍ സമ്പത്തിന്റെ ജനാധിപത്യ വികേന്ദ്രീകരണം സാധ്യമാകുമെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍. ജില്ലാ വ്യവസായ നിക്ഷേപക സംഗമം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചെറുകിട നിക്ഷേപങ്ങള്‍ വര്‍ധിക്കുമ്പോള്‍ പ്രാദേശിക തലത്തില്‍ തൊഴിലവസരങ്ങള്‍ ധാരാളം ഉണ്ടാകും.  അതുവഴി സമ്പത്തിന്റെ ജനാധിപത്യ വികേന്ദ്രീകരണം സാധ്യമാകും. കേരളത്തില്‍ ഒരു വ്യവസായവും നടക്കില്ല എന്ന സംരംഭകരുടെ മനോഭാവം അറുപത് ശതമാനം മാറിക്കഴിഞ്ഞു. ചുവപ്പുനാടയില്‍ കുരുങ്ങി വ്യവസായങ്ങള്‍ മുടങ്ങുന്ന അവസ്ഥ ഇല്ലാതാവുകയാണ്. 10 കോടി രൂപയില്‍ താഴെയുള്ള സംരംഭങ്ങള്‍ക്ക് അനുമതിക്കായി കാത്തിരിക്കേണ്ടതില്ല. ഈയൊരു സാഹചര്യം മറ്റ് സംസ്ഥാനങ്ങളിലില്ല. നാലു  വര്‍ഷത്തിനിടയില്‍ വ്യവസായശാലകളില്‍ പ്രവൃത്തി ദിനങ്ങള്‍ കുറഞ്ഞ അവസ്ഥയില്ല. നേരത്തെ സമരങ്ങള്‍ കാരണം പ്രവൃത്തി ദിനങ്ങള്‍ കുറഞ്ഞ അവസ്ഥയുണ്ടായിരുന്നു. കേരളത്തില്‍ വ്യവസായ മേഖലയില്‍ അതിശയകരമായ മാറ്റമാണ് ഉണ്ടായിട്ടുള്ളത്. കേരളത്തിലേക്ക് നിക്ഷേപകരെ ആകര്‍ഷിക്കാനും സുരക്ഷിതത്വം ഉറപ്പുവരുത്താനും സര്‍ക്കാര്‍ ശ്രമം തുടരുകയാണ.് സംസ്ഥാനത്ത് പൊതുമേഖല വ്യവസായം ഓരോന്നായി ലാഭകരമാവുന്ന അവസ്ഥയാണുള്ളത് .ജില്ലയില്‍ വൈദ്യുതി മേഖലയിലും വലിയ മാറ്റമുണ്ടായിക്കഴിഞ്ഞു . ജില്ലാ വ്യവസായ നിക്ഷേപക സംഗമം കോഴിക്കോടിന്റെ വികസനത്തിന് വലിയ മുതല്‍കൂട്ടാവുമെന്നും മന്ത്രി പറഞ്ഞു .

സംരംഭങ്ങള്‍ തുടങ്ങാന്‍ മുന്നോട്ടു വരുന്നവര്‍ക്ക് മുന്‍കാലങ്ങളില്‍ ഒത്തിരി പ്രതിബന്ധങ്ങള്‍ ഉണ്ടായിരുന്നു അത്തരം നിയമങ്ങളും ചട്ടങ്ങളും ഭേദഗതി ചെയ്യാന്‍ സര്‍ക്കാര്‍ നടപടിയെടുത്തുവെന്നും എ പ്രദീപ് കുമാര്‍ എം എല്‍ എ പറഞ്ഞു.  സംരംഭകര്‍ക്ക് അവരുടെ ആശയങ്ങള്‍ പ്രകടിപ്പിക്കാന്‍ നിക്ഷേപ സംഗമങ്ങള്‍  വഴിയൊരുക്കിയിട്ടുണ്ട്. ഇത്തരം നിക്ഷേപ സംഗമത്തിന് തുടര്‍ച്ചയുണ്ടാകാന്‍ ശ്രമം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.  കേരളത്തിലേത് വ്യവസായ സൗഹൃദ അന്തരീക്ഷമാണെന്നും ഏകജാലക സംവിധാനം ഫലപ്രദമായി നടക്കുകയാണെന്നും മാതൃകാ വികസന പ്രവര്‍ത്തനങ്ങളാണ് കേരളത്തില്‍ നടക്കുന്നതെന്നും ജില്ലാ കലക്ടര്‍ എസ് സാംബശിവറാവു അഭിപ്രായപ്പെട്ടു.  153 സംരംഭകര്‍ നിക്ഷേപക സംഗമത്തില്‍ പങ്കാളികളായി