ജില്ലാ ലൈബ്രറി കൗൺസിൽ പുസ്തകോത്സവത്തിന് തുടക്കമായി

post

ജില്ലാ ലൈബ്രറി കൗൺസിൽ വികസന സമിതിയുടെ ആഭിമുഖ്യത്തിൽ കലക്ടറേറ്റ് മൈതാനിയിൽ നടക്കുന്ന 16ാമത് പുസ്തകോത്സവം ചെറുകഥാകൃത്ത് ടി പത്മനാഭൻ ഉദ്ഘാടനം ചെയ്തു. ഇന്ത്യയിലെ മറ്റ് പ്രവിശ്യകളിൽ റോഡിലൂടെ സഞ്ചരിച്ചാൽ കാലിക്കൂട്ടങ്ങൾ നടന്നു പോകുന്നതാണ് കാണാൻ സാധിക്കുകയെങ്കിൽ കേരളത്തിൽ സ്‌കൂളിൽ നിന്നും മടങ്ങുന്ന വിദ്യാർഥികളെയാണ് കാണാൻ കഴിയുകയെന്ന് അദ്ദേഹം പറഞ്ഞു. ഇത് കേരളത്തിന്റെ സവിശേഷതയാണ്.


വിദ്യാഭ്യാസം, എഴുത്ത്, വായന എന്നിവയുടെ ലോകത്ത് കേരളം താണ്ടിയ ദൂരം മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് വളരെ മുന്നിലാണ്. ഗ്രന്ഥാലയ പ്രസ്ഥാനത്തിനും പുതിയ മാനം കൈവന്നിട്ടുണ്ട്. ആദിവാസി മേഖലകളിലുൾപ്പെടെ വായനശാലകൾ സ്ഥാപിക്കുന്നതിനുള്ള ശ്രമങ്ങൾ മുന്നോട്ട് പോവുകയാണ്. എന്നാൽ അവരുടെ മറ്റ് അടിസ്ഥാന പ്രശ്‌നങ്ങൾ കൂടി പരിഹരിച്ചാൽ മാത്രമേ അതിന് ഒരു അർത്ഥമുണ്ടാകൂ-ടി പത്മനാഭൻ പറഞ്ഞു.

സെപ്റ്റംബർ 25 വരെ കലക്ടറേറ്റ് മൈതാനിയിൽ നടക്കുന്ന പുസ്തകമേളയിൽ 73 പ്രസാധകരുടെ 137 സ്റ്റാളുകളാണ് ഒരുക്കിയിട്ടുള്ളത്. പുസ്തകോത്സവത്തിൽ 15 പുതിയ പുസ്തകങ്ങൾ പ്രകാശനം ചെയ്യും. ആദര സമ്മേളനം, സെമിനാറുകൾ, ബാലവേദി പ്രവർത്തകരുടെ സംഗമം, വനിതാ വേദി പ്രവർത്തകരുടെ സംഗമം, ലഹരി വിരുദ്ധ ചിത്രരചന, കലാപരിപാടികൾ എന്നിവയും നടക്കും.

ഡോ. വി ശിവദാസൻ എം പി അധ്യക്ഷനായി. സംസ്ഥാന ലൈബ്രറി കൗൺസിൽ സെക്രട്ടറി വി കെ മധു എഴുതിയ 'ഉരിയാട്ടം നിലയ്ക്കുന്ന വാക്കുകൾ' ലേഖന സമാഹാരം ടി പത്മനാഭൻ പ്രകാശനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ ഏറ്റുവാങ്ങി.

ജില്ലാ ലൈബ്രറി കൗൺസിലിന്റെ മുഖപത്രമായ അക്ഷരം ത്രൈമാസിക വി കെ മധു പ്രകാശനം ചെയ്തു. ജില്ലാ ലൈബ്രറി പ്രസിഡണ്ട് മുകുന്ദൻ മഠത്തിൽ ഏറ്റുവാങ്ങി. സ്വാതന്ത്ര്യത്തിന്റെ 75 വർഷങ്ങൾ എന്ന വിഷയത്തിൽ ഡോ.എ വത്സലൻ പ്രഭാഷണം നടത്തി.