തെരുവുനായശല്യം തീവ്രവാക്സിനേഷന് കൂട്ടായ പരിശ്രമം ആവശ്യം

post

തെരുവുനായ ആക്രമണം ദിനംപ്രതി ഉയരുന്നതിനെ തുടർന്ന് മൃഗസംരക്ഷണ വകുപ്പ് നടപ്പിലാക്കുന്ന തീവ്രവാക്സിനേഷൻ യജ്ഞത്തിന് ജില്ലയിലെ മുഴുവൻ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും കൂട്ടായ പരിശ്രമം ആവശ്യമെന്ന് കായിക-വഖഫ്-ഫിഷറീസ് വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ പറഞ്ഞു. തെരുവുനായ ആക്രമണവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഇതിനകം 95350 കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. അതിനാൽ ഇതൊരു അടിയന്തര വിഷയമായി കണ്ടുകൊണ്ട് എല്ലാവരുടെയും കൂട്ടായ പിന്തുണ വാക്‌സിൻ യജ്ഞത്തിന് ആവശ്യമാണെന്നും മന്ത്രി വ്യക്തമാക്കി.

മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ ജില്ലയിൽ നടപ്പാക്കുന്ന എ.ബി.സി പദ്ധതിയുമായി ബന്ധപ്പെട്ടുള്ള അടിയന്തര യോഗത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. മൃഗസംരക്ഷണ വകുപ്പ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേർന്നാണ് തീവ്രവാക്സിനേഷൻ യജ്ഞം സംഘടിപ്പിക്കുന്നത്. ഒക്ടോബർ 20നകം ജില്ലയിലെ മുഴുവൻ തെരുവുനായകൾക്കും വളർത്തുമൃഗങ്ങൾക്കും വാക്‌സിൻ നൽകുകയാണ് പദ്ധതിയുടെ ലക്ഷ്യം.

വാക്സിനേഷന് പുറമെ തെരുവുനായകൾക്കും ഉപേക്ഷിക്കപ്പെട്ട നായകൾക്കുമുള്ള അഭയകേന്ദ്രം തയ്യാറാക്കൽ, പരിസര ശുചിത്വം, ബോധവൽക്കരണം എന്നിവയും അടിയന്തര കർമ പരിപാടിയുടെ ഭാഗമായി നടപ്പിലാക്കും. വിവിധ തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ നടപ്പാക്കിയ ഹരിതകർമ്മ സേനയുടെ പ്രവർത്തനത്തിലൂടെ മാലിന്യ നിർമാർജനത്തിൽ വളരെയധികം മുന്നോട്ടുപോകാൻ ജില്ലയ്ക്കായതായും മന്ത്രി പറഞ്ഞു.