പെരുമ്പാവൂരിൽ ചിൽഡ്രൻസ് പാർക്ക് ഉദ്ഘാടനം ചെയ്തു

post

വികസന കാര്യത്തിൽ സർക്കാരിനു തുറന്ന സമീപനമാണുള്ളതെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. പെരിയാർ വാലി ഇറിഗേഷൻ പദ്ധതിയുടെ പെരുമ്പാവൂർ പട്ടാലിലുള്ള 27.5 സെന്റ് സ്ഥലത്ത് പുനർനിർമ്മിച്ച ചിൽഡ്രൻസ് പാർക്ക് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജനങ്ങൾക്കു പ്രയോജനപ്രദമായ വികസന പദ്ധതികളാണ് സംസ്ഥാന സർക്കാർ ആവിഷ്‌കരിച്ചു നടപ്പിലാക്കുന്നത്. അത്തരത്തിൽ ജലവിഭവ വകുപ്പും പല പദ്ധതകൾക്കു രൂപം നൽകിയിട്ടുണ്ട്. ഇറിഗേഷൻ ടൂറിസം പ്രോജക്ട് വഴി ഡാമുകൾ, നദികൾ, കനാൽ തീരങ്ങൾ എന്നിവ കേന്ദ്രീകരിച്ചു വിനോദ സഞ്ചാര പദ്ധതികൾ നടപ്പിലാക്കി വരുകയാണ്. പാർക്കിനോടനുബന്ധിച്ച് ഒരു ടേക് എ ബ്രേക്ക് കേന്ദ്രം നിർമ്മിക്കണം എന്ന ആവശ്യം ഉയർന്നിട്ടുണ്ട്, അക്കാര്യം അനുഭാവപൂർവ്വം പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു.

പെരിയാർവാലി കനാലുകൾ അറ്റകുറ്റപ്പണികൾ നടത്തി നവീകരിക്കുന്നതിനുള്ള പ്രത്യേക പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ട്. ഭക്ഷ്യ വിളകൾക്കു മാത്രമല്ല നാണ്യവിള കൃഷികൾക്കുകൂടി ജലമെത്തിക്കുന്ന പ്രോജക്ടിന് തുടക്കം കുറിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

എൽദോസ് കുന്നപ്പിള്ളിൽ എം.എൽ.എയുടെ ആസ്തിവികസന ഫണ്ടിൽ നിന്ന് 50 ലക്ഷം രൂപ ചെലവഴിച്ചാണ് പാർക്ക് പുനർനിർമ്മിച്ചത്. ആലുവ - മൂന്നാർ റോഡിനോട് ചേർന്നു മനോഹരമായി ഒരുക്കിയിരിക്കുന്ന പാർക്കിൽ കുട്ടികൾക്ക് ഉല്ലസിക്കാൻ 7 റൈഡുകളാണു ക്രമീകരിച്ചിരിക്കുന്നത്. പുൽത്തകിടിയും നടപ്പാതയും വേണ്ടത്ര ഇരിപ്പിടങ്ങളും തണൽ മരങ്ങളും പാർക്കിലുണ്ട്. ഒപ്പം കഫെറ്റീരിയയും ശുചിമുറി സംവിധാനവും ഒരു സെക്യൂരിറ്റിമുറിയും ഒരുക്കിയിട്ടുണ്ട്. ഐ.പി.ടി.എം.സിയുടെ (ഇറിഗേഷൻ പ്രോജക്ട് ടൂറിസം മാനേജ്മെന്റ് കമ്മിറ്റി ) മേൽനോട്ടത്തിലായിരിക്കും പാർക്കിന്റെ പ്രവർത്തനം.