കേരള സര്‍ക്കാരിന്റെ ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി ' ലഹരി വിമുക്ത കേരളം' അധ്യാപക പരിശീലന പരിപാടി സംഘടിപ്പിച്ചു

post


സമൂഹത്തിന്റെ എല്ലാ മേഖലകളെയും പിടിമുറുക്കിയിരിക്കുന്ന സാമൂഹിക വിപത്താണ് ലഹരി ഉപയോഗമെന്നും ഇതു തടയാന്‍ ശക്തമായ ബോധവല്‍ക്കരണത്തോടൊപ്പം നിയമ നടപടിയും ആവശ്യമാണെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. കേരള സര്‍ക്കാരിന്റെ ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി പൊതു വിദ്യാഭ്യാസ വകുപ്പും, എസ്.എസ്.കെയും സംയുക്തമായി നടത്തുന്ന ' ലഹരി വിമുക്ത കേരളം' അധ്യാപക പരിശീലന പരിപാടിയുടെ ജില്ലാതല പരിശീലന പരിപാടി ആറാട്ടുപുഴ തരംഗം ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശാസ്ത്ര സാങ്കേതിക രംഗത്തെ വളര്‍ച്ച ഒരുപാട് രംഗത്ത് ഏറെ പ്രയോജനകരമായിട്ടുണ്ട്. എന്നാല്‍, ഈ വളര്‍ച്ചയെ ഉപയോഗപ്പെടുത്തി ലഹരി വസ്തുക്കളുടെ നിര്‍മാണത്തിനും വിതരണത്തിനും നൂതന രീതികളെ ദുരുപയോഗം ചെയ്യുന്ന പ്രവണത കൂടി വരുന്നുണ്ട്. മുന്‍ കാലങ്ങളില്‍ അമിത മദ്യപാനമായിരുന്നു ഭീഷണി ഉയര്‍ത്തിയിരുന്നതെങ്കില്‍ ഇന്ന് സിന്തറ്റിക്ക് ഡ്രഗ്‌സ് പോലുള്ള മാരകമായ മയക്കുമരുന്നുകള്‍ വ്യാപകമാകുന്നു. വിപണിയില്‍ രഹസ്യമായെത്തുന്ന അപൂര്‍വ ലഹരി മരുന്നുകള്‍ ആവശ്യക്കാര്‍ക്ക് വിതരണം ചെയ്തു കൊടുക്കുന്നത് ധനസമ്പാദനത്തിനുള്ള എളുപ്പമാര്‍ഗമായി യുവജനത കാണുന്നു. വീട്ടുകാരുടെ അറിവോടു കൂടിയും ഈ രംഗത്തേക്ക് എത്തുന്നവര്‍ കുറവല്ല. സമൂഹത്തിന് വിപത്തായി കൊണ്ടിരിക്കുന്ന ലഹരി മരുന്നുപയോഗത്തിനെതിരെ അന്താരാഷ്ട്ര തലത്തില്‍ തന്നെ ശക്തമായ ഇടപെടല്‍ വേണം.

ലഹരി വിരുദ്ധ പ്രവര്‍ത്തനം വിദ്യാലയങ്ങളില്‍ കാര്യക്ഷമമായി നടത്തണം.

സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച ലഹരി വിരുദ്ധ വിരുദ്ധ പ്രചാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഒക്ടോബര്‍ രണ്ടു മുതല്‍ നവംബര്‍ ഒന്നു വരെ വിപുലമായ പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കും. യുവാക്കള്‍, മതസമുദായിക സംഘടനകള്‍, വിദ്യാര്‍ഥി സംഘടനകള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, സാമൂഹിക - സാംസ്‌കാരിക സംഘടനകള്‍ തുടങ്ങി സമൂഹത്തിലെ എല്ലാ വിഭാഗക്കാരെയും ഭാഗഭാക്കാക്കണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

സമ്മേളനത്തില്‍ പത്തനംതിട്ട ജില്ലാ പൊതുവിദ്യാഭ്യാസ ഉപഡയറക്ടര്‍ എം.എസ്. രേണുകാഭായ് അധ്യക്ഷയായി. സമഗ്രശിക്ഷാകേരള പത്തനംതിട്ട ജില്ലാ പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ ഡോ. ലജു പി തോമസ്, പത്തനംതിട്ട ജില്ലാ എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ വി.എ. പ്രദീപ്, ജില്ലാ വിമുക്തി കോ-ഓര്‍ഡിനേറ്റര്‍ അഡ്വ.ജോസ് കളീക്കല്‍, തിരുവല്ല ജില്ലാവിദ്യാഭ്യാസ ഓഫീസര്‍ പി.അര്‍. പ്രസീന, പത്തനംതിട്ട ഡയറ്റ് ഫാക്കല്‍റ്റിയംഗം ഡോ.കെ. ഷീജ, കൈറ്റ് പത്തനംതിട്ട ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ വി. സുദേവ്കുമാര്‍, ഡെപ്യൂട്ടി ഡിസ്ട്രിക്ട് എഡ്യൂക്കേഷന്‍ & മീഡിയാ ഓഫീസര്‍ ആര്‍. ദീപ, എക്‌സൈസ് സിവില്‍ ഓഫീസര്‍ ബിനു വര്‍ഗീസ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ടി.എം. അനീഷ്, കോഴഞ്ചേരി ബ്ലോക്ക് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ എസ്. ഷിഹാബുദീന്‍, കെ.എസ്.ടി.എ. ജില്ലാ പ്രസിഡന്റ് പി.ജി.ആനന്ദന്‍, എ.കെ.എസ്.ടി.യു. സംസ്ഥാന കമ്മറ്റിയംഗം കെ.എ. തന്‍സീര്‍, എസ്.എസ്.കെ. ജില്ലാപ്രോഗ്രാം ഓഫീസര്‍ എ.കെ. പ്രകാശ് എന്നിവര്‍ പങ്കെടുത്തു. ഒന്നുമുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികളെയും അവരുടെ രക്ഷിതാക്കളെയും ലഹരിക്കെതിരായ പ്രവര്‍ത്തനങ്ങളില്‍ ഏകോപിപ്പിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.