പെരളശ്ശേരി പഞ്ചായത്ത് ഹരിത സംഗമം

post

'എന്റെ പെരളശ്ശേരി ശുചിത്വ സുന്ദരം' മാലിന്യമുക്ത ക്യാമ്പയിന്റെ ഭാഗമായി പെരളശ്ശേരി ഗ്രാമപഞ്ചായത്ത് ഹരിത സംഗമം നടത്തി. മൂന്നുപെരിയ താജ് ഓഡിറ്റോറിയത്തിൽ നവകേരളം കർമ്മ പദ്ധതി-2 കോ-ഓർഡിനേറ്റർ ഡോ. ടി എൻ സീമ ഉദ്ഘാടനം ചെയ്തു. കേരളം പുരോഗമന സ്വഭാവമുള്ള സമൂഹമാണെന്നും വലിച്ചെറിയൽ മുക്ത ക്യാമ്പയിനുകൾ അതിന്റെ ഉദാഹരണമാണെന്നും ടി എൻ സീമ പറഞ്ഞു.

പഞ്ചായത്തിലെ മുഴുവൻ കുടുംബാംഗങ്ങളെയും സ്ഥാപനങ്ങളെയും പങ്കാളികളാക്കി ശാസ്ത്രീയ മാലിന്യ പരിപാലനത്തിലൂടെ സമ്പൂർണ ശുചിത്വം നേടാനാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായാണ് ഹരിത സംഗമം സംഘടിപ്പിച്ചത്. പഞ്ചായത്ത് പ്രസിഡണ്ട് എ വി ഷീബ അധ്യക്ഷത വഹിച്ചു. മാലിന്യ പരിപാലന കർമ്മ പദ്ധതിയുടെ പ്രകാശനവും ടി എൻ സീമ നിർവ്വഹിച്ചു.

ഹരിത കേരള മിഷൻ ജില്ലാ കോർഡിനേറ്റർ ഇ കെ സോമശേഖരൻ 'വലിച്ചെറിയൽ മുക്ത പഞ്ചായത്തിലേക്ക്' എന്ന വിഷയം അവതരിപ്പിച്ചു. വൈസ് പ്രസിഡണ്ട് വി പ്രശാന്ത് ഹരിത സമൃദ്ധി വാർഡ് വിളംബര പ്രഖ്യാപനം നടത്തി. തുടർന്ന് മാലിന്യ മുക്ത പ്രതിജ്ഞ ചൊല്ലി.