നൂറ് തികയ്ക്കാൻ സാക്ഷരത മിഷൻ: ജില്ലയിൽ 18 ഫോക്കസ് പഞ്ചായത്തുകൾ

post

ജില്ലയെ നൂറ് ശതമാനം സാക്ഷരതയിൽ എത്തിക്കുക എന്ന ലക്ഷ്യത്തിനായി 18 ഫോക്കസ് ഗ്രാമപഞ്ചായത്തുകളെ തെരഞ്ഞെടുത്ത് ജില്ലാ സാക്ഷരത മിഷൻ. പലവിധ കാരണങ്ങളാൽ ഔപചാരിക വിദ്യാഭ്യാസത്തിൽ നിന്ന് പുറത്ത് നിൽക്കേണ്ടി വന്നവർക്ക് വിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യത്തോടെ ദേശീയ സാക്ഷരതാ മിഷൻ നടപ്പാക്കുന്ന ‘ന്യൂ ഇന്ത്യ ലിറ്ററസി’ പദ്ധതിയുടെ ഭാഗമായാണ് ഗ്രാമപഞ്ചായത്തുകളെ തെരഞ്ഞെടുത്തത്. എട്ട് ബ്ലോക്കുകളിലായി 18 ഗ്രാമ പഞ്ചായത്തുകളാണ് 90 ശതമാനത്തിന് കുറവ് സാക്ഷരതയുള്ളത്.

പഴയന്നൂർ ബ്ലോക്കിൽ തിരുവില്വാമല, കൊണ്ടാഴി, വള്ളത്തോൾ നഗർ, പുഴയ്ക്കൽ ബ്ലോക്കിലെ അടാട്ട്, ചെവ്വന്നൂർ ബ്ലോക്കിൽ കടങ്ങോട്, വേലൂർ ഗ്രാമപഞ്ചായത്തുകൾ, തളിക്കുളം ബ്ലോക്കിലെ ഏങ്ങണ്ടിയൂർ, വലപ്പാട്, വടക്കാഞ്ചേരി ബ്ലോക്കിൽ ദേശമംഗലം, മുള്ളൂർക്കര, വരവൂർ, ചാലക്കുടി ബ്ലോക്കിലെ വേലൂർ, പരിയാരം, കോടശ്ശേരി, അതിരപ്പിള്ളി ഗ്രാമപഞ്ചായത്തുകൾ, ചേർപ്പ് ബ്ലോക്കിലെ വല്ലച്ചിറ ഗ്രാമപഞ്ചായത്ത്, ഒല്ലൂക്കര ബ്ലോക്കിലെ മാടക്കത്തറ, നടത്തറ എന്നിവയാണ് ഫോക്കസ് ഗ്രാമപഞ്ചായത്തുകൾ. താൽപര്യമുള്ള ഗ്രാമപഞ്ചായത്തുകൾക്കും പദ്ധതിയുടെ ഭാഗമാകാം.

കേന്ദ്ര-സംസ്ഥാന സർക്കാരും സാക്ഷരതാ മിഷനും സംയുക്തമായി നടപ്പിലാക്കുന്ന സാക്ഷരതാ പദ്ധതിയായ ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം വഴി ജില്ലയിൽ 8000 പേരാണ് സാക്ഷരരാകുക. ആദിവാസി വിഭാഗങ്ങൾ, ട്രാൻസ്ജെന്റർ, തീരദേശ മേഖലയിലുള്ളവർ, ന്യൂനപക്ഷങ്ങൾ, തൊഴിലാളികൾ, തൊഴിലുറപ്പ് തൊഴിലാളികൾ, കുടുംബശ്രീ പ്രവർത്തകർ തുടങ്ങി സമൂഹത്തിന്റെ വിവിധ മേഖലയിൽ പലവിധ കാരണങ്ങളാൽ ഔപചാരിക വിദ്യാഭ്യാസത്തിന് പുറത്തു നിൽക്കേണ്ടിവന്ന മുഴുവൻ പേർക്കും പദ്ധതിയിലൂടെ വിദ്യാഭ്യാസത്തിന് അവസരം ഒരുക്കുന്നു. 15 വയസിന് മുകളിൽ പ്രായമുള്ളവരാണ് ഗുണഭോക്താക്കൾ.

പദ്ധതിയുടെ നടത്തിപ്പിനായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ സംഘാടകസമിതികൾ രൂപീകരിച്ചാണ് പ്രവർത്തനം. സർവ്വേ ടീം അംഗങ്ങൾ മൂന്ന് ടീമുകളായി വീടുകൾ സന്ദർശിച്ച് നിരക്ഷരരുടെ പേര് വിവരങ്ങൾ ക്രോഡീകരിക്കും. വാർഡ് തലത്തിൽ റിസോഴ്സ് പേഴ്സൺമാരെ നിയമിക്കും. സന്നദ്ധ അധ്യാപകരെ നിയമിച്ച് ഏകദിന പരിശീലനം നൽകും. അടിസ്ഥാന സാക്ഷരത, ഗണിതം, ജീവിത നൈപുണ്യ വികസനം, തൊഴിലധിഷ്ഠിത നൈപുണ്യ വികസനം, തുടർവിദ്യാഭ്യാസം എന്നിവയ്ക്ക് പ്രാധാന്യം നൽകിയുള്ള പഠനമാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.